എം.ടി.വാസുദേവൻ നായരുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിക്കും.
ബുധനാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു എം.ടിയുടെ അന്ത്യം സംഭവിച്ചത്. രാത്രി പതിനൊന്നുമണിയോടെ അദ്ദേഹത്തിന്റെ സ്വന്തം വസതിയായ സിതാരയിലേക്ക് ഭൗതികശരീരം കൊണ്ടുവന്നതു മുതൽ സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ അന്ത്യോപചാരങ്ങളർപ്പിക്കാനായി ഒഴുകുകയായിരുന്നു. തൻ്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ച് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്, റോഡുകളിൽ വാഹനഗതാഗതം തടസപ്പെടരുത്, എന്ന് കർശനമായി പറഞ്ഞ എം.ടിയെ അവസാനമായി ഒരു നോക്കുകാണാൻ അദ്ദേഹത്തിന്റെ വീട് എക്കാലത്തയുമെന്നപോലെ സന്ദർശകർക്കായി തുറന്നുകിടന്നു. മാവൂർറോഡിലെ പൊതുശ്മശാനം ‘സ്മൃതിപഥം’ എന്ന പേരിട്ട് പുതുക്കിപ്പണിത് ദിവസങ്ങളേ ആയിട്ടുള്ളൂ. സ്മൃതിപഥത്തിലേക്ക് ആദ്യത്തെ വിലാപയാത്ര എം.ടിയുടെ ശരീരവും വഹിച്ചുകൊണ്ടുള്ളതാണ്.
മന്ത്രി എ കെ ശശീന്ദ്രൻ, ദേശാഭിമാനി റസിഡന്റ്് എഡിറ്റർ എം സ്വരാജ്, മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ഷാഫി പറമ്പിൽ എംപി, സി പി ഐ എം സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ് കുമാർ, ആർജെഡി സംസ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ് കുമാർ, എം എൻ കാരശേരി, കോൺഗ്രസ് നേതാക്കളായ പി എം നിയാസ്, കെ.സി അബു എന്നിവർ ഇന്നലെ മരണ വിവരമറിഞ്ഞയുടൻ ആശുപത്രിയിലെത്തിയിരുന്നു.
Discussion about this post