സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വർധനവ് ബാധിക്കില്ലെന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 16 പൈസയും 2025-26 വർഷത്തിൽ 12 പൈസയും വർധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചിരിക്കുന്നത്. എന്നാൽ, 2026-27 സാമ്പത്തിക വർഷത്തിൽ നിരക്ക് വർധിപ്പിക്കില്ലെന്നുമാണ് റിപ്പോർട്ട്.
യൂണിറ്റിന് വരുത്തിയ വർധനവിന് പുറമെ, ഫിക്സഡ് ചാർജും ഉയർത്തിയിട്ടുണ്ട്. പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് അഞ്ച് രൂപ മുതൽ 30 രൂപ വരെയും 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 40 രൂപ മുതൽ 50 രൂപ വരെയും വർധിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ, ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ യൂണിറ്റിന് 10 പൈസ നിരക്കിൽ സമ്മർ താരിഫ് വശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല.
കൃഷിയാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് അഞ്ച് പൈസയുടെ വർധനവും വരുത്തിയിട്ടുണ്ട്. അഞ്ചുലക്ഷം ആളുകളെയാണ് ഈ നിരക്കുവർധനവ് ബാധിക്കുകയെന്നാണ് വിലയിരുത്തലുകൾ. ഡിസംബർ അഞ്ചാം തിയതി മുതലാണ് പുതിയ നിരക്കിന് പ്രാബല്യമെന്നും വാർത്ത കുറിപ്പിൽ അറിയിച്ചു.
അടുത്ത ഏപ്രിൽ മുതൽ യൂണിറ്റിന് 12 പൈസ കൂടി വർധിക്കും. ഫലത്തിൽ അടുത്ത സാമ്പത്തിക വർഷം തുടങ്ങുമ്പോൾ ആകെ വർധന യൂണിറ്റിന് 28 പൈസയുടേതാകും. വേനൽക്കാലത്ത് പ്രത്യേക താരിഫ് ഈടാക്കാനായി സമ്മർ താരിഫ് വൈദ്യുത ബോർഡ് ആവശ്യപ്പെട്ടെങ്കിലും റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചില്ല. വാണിജ്യ ഉപഭോക്താക്കൾക്ക് എനർജി ചാർജിൽ വർധനയില്ല.
മറ്റ് മാർഗങ്ങളൊന്നും മുന്നിൽ ഇല്ലാത്തത് കൊണ്ടാണ് ചെറിയ തോതിൽ നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരായിരിക്കുന്നതെന്ന് വൈദ്യതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.മഴ കുറവായതിനെ തുടർന്ന് കഴിഞ്ഞ വർഷം 60 ശതമാനം വെള്ളത്തിന്റെ കുറവുണ്ടായതോടെ വലിയ അളവിൽ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടി വന്നിരുന്നു. വരും വർഷങ്ങളിൽ വൈദ്യുതി വാങ്ങുന്നത് കുറയുകയാണെങ്കിൽ ഇതിന്റെ ഗുണം ഉപയോക്താക്കളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കൽക്കരി ഉപയോഗിച്ച് 5000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനായാൽ 12 പൈസയുടെ വർധനവ് വരുത്തില്ലെന്നും മന്ത്രി ഉറപ്പുനൽകി.
Discussion about this post