കൗമാരകലയുടെ കരുത്തുറ്റ പോരാട്ടം ഇഞ്ചോടിഞ്ച് മുന്നേറിയപ്പോൾ ഫോട്ടോ ഫിനിഷിൽ കിരീടം തൃശൂരിന് സ്വന്തം. ഒരു പോയന്റ് മാത്രം വ്യത്യാസത്തിൽ പാലക്കാടിനെ മറികടന്നാണ് തൃശൂർ കിരീടധാരണം നടത്തിയത്. തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007 പോയൻ്റും. ഹൈസ്കൂൾ വിഭാഗത്തിൽ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയർ സെക്കൻഡറിക്കാരാണ് തൃശൂരിന്റെ രക്ഷയ്ക്കെത്തിയത്. ഹയർ സെക്കൻഡറിയിൽ തൃശൂരി 526 ഉം പാലക്കാടിന് 525 പോയൻ്റുമാണുള്ളത്.
കാൽനൂറ്റാണ്ടിനുശേഷമാണ് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ തൃശൂർ സ്വർണക്കപ്പ് സ്വന്തമാക്കുന്നത്. 1999ൽ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂർ മുൻപ് ജേതാക്കളായത്. കഴിഞ്ഞ വർഷത്തെ ജേതാക്കളായ കണ്ണൂരിന് 1003 പോയന്റുമായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നു. 21 വർഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് 1000 പോയിൻ്റുമായി നാലാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടിവന്നു.
സ്കൂളുകളുടെ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബി.എസ്. ജി.ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിന്റോടെ ബഹുദൂരം മുന്നിലാണ് അവർ. തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറിയാണ് രണ്ടാമത്. ഇടുക്കി എം.കെ. എൻ.എം.എച്ച്.എസ് സ്കൂളാണ് മൂന്നാമത്.
സമാപന ചടങ്ങിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും ആസിഫലിയും അതിഥികളായി. സ്‌പീക്കർ എ. എ.ഷംസീർ അധ്യക്ഷനായി. മന്ത്രിരായ കെ.എൻ.ബാലഗോപാൽ, കെ.രാജൻ, ജി. ആർ. അനിൽ, ആർ.ബിന്ദു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Discussion about this post