സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാളാണ് ഇക്കാര്യം അറിയിച്ചത്.
നവംബർ 11ന് സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഖന്ന ചുമതലയേൽക്കും. 2019 ജനുവരി 18-ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഖന്ന 2025 മേയ് 13-നാണ് വിരമിക്കുക. ചീഫ് ജസ്റ്റിസ് പദവിയിൽ അദ്ദേഹം ആറുമാസം ഉണ്ടാകും.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനായി 1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡൽഹി സർവകലാശാലയിൽനിന്ന് നിയമബിരുദമെടുത്തശേഷം ഡൽഹിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ഖന്ന 2005-ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി. അടുത്തവർഷം ഡൽഹി ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയുമായി.
സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയർ ജഡ്ജിയെ പിൻഗാമിയായി ശുപാർശ ചെയ്യുന്നതാണ് രീതി. അതിന്റെ ഭാഗമായി അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ശുപാർശ ചെയ്തിരുന്നു. നിയമമന്ത്രാലയത്തിനുള്ള ശുപാർശക്കത്ത് ജസ്റ്റിസ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈമാറുകയും ചെയ്തു.
Discussion about this post