ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 61 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ പടുത്തുയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് ഓൾഔട്ടായി. സെഞ്ചുറി നേടിയ സഞ്ജു സാംസൺ ആണ് കളിയിലെ താരം. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തിയും രവി ബിഷ്ണോയിയും മൂന്നുവിക്കറ്റ് വീതംനേടി. ആവേശ് ഖാൻ രണ്ടുവിക്കറ്റും അർഷ്ദീപ് സിങ് ഒരുവിക്കറ്റും സ്വന്തമാക്കി. ഈ ജയത്തോടെ നാലുമത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.
മലയാളി താരം സഞ്ജു സാംസന്റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസാണ് നേടിയത്. തിലക് വർമ 33 റൺസും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 21 റൺസും എടുത്തു. അഭിഷേക് ശർമ എട്ട് പന്തിൽ എഴും ഹാർദിക് പാണ്ഡ്യ ആറ് പന്തിൽ രണ്ട് റൺസും റിങ്കു സിങ് പത്ത് പന്തിൽ 11 റൺസും അക്സർ പട്ടേൽ ഏഴ് പന്തിൽ ഏഴ് റൺസുമെടുത്ത് പുറത്തായി.
ഡർബനിൽ വെറും 47 പന്തിലാണ് സഞ്ജു സെഞ്ചുറി പൂർത്തിയാക്കിയത്. 10 സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. ഒടുവിൽ 50 പന്തിൽ 107 റൺസ് എടുത്താണ് സഞ്ജു ക്രീസ് വിട്ടത്. ഇതോടെ ട്വൻ്റി 20-യിൽ തുടർച്ചയായ കളികളിൽ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമെന്ന നേട്ടവും സഞ്ജു സാംസൺ സ്വന്തമാക്കി.
Discussion about this post