തിരുവനന്തപുരം ജില്ലയിലെ വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡി.ജി.പിക്ക് രേഖാമൂലം പരാതി നല്കി. ആരോപണത്തിന് പിന്നില്‍ ഗുഢാലോചനയുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതി. സര്‍ക്കാര്‍ മരുന്ന് വിതരണ സംവിധാനത്തെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമെന്നാണ് വകുപ്പ് സംശയിക്കുന്നത്.
ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിക്കെതിരെ പൊതുപ്രവര്‍ത്തകന്റെ പരാതിയില്‍ വിതുര പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തു. നിജസ്ഥിതി കണ്ടെത്തണമെന്ന പൊതുപ്രവര്‍ത്തകന്റെ പരാതിയിലാണ് കേസ്.
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നും കിട്ടിയ ഗുളികയില്‍ മൊട്ടു സൂചി കണ്ടെത്തിയെന്നായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച ഉയര്‍ന്ന പരാതി. ശ്വാസംമുട്ടലിന് ചികിത്സ തേടിയ മേമല സ്വദേശി വസന്തയ്ക്ക് നല്കിയ സിമോക്സ് ക്യാപ്സ്യൂള്‍ ഗുളികയെ ചൊല്ലിയായിരുന്നു പരാതി. സമുഹമാധ്യമങ്ങളില്‍ വീഡിയോ അടക്കം പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.വകുപ്പ് നടത്തിയ തെളിവെടുപ്പിലും പരിശോധനയിലും പരാതിയില്‍ കഴമ്പില്ലെന്നാണ് കണ്ടെത്തിയത്.
ശക്തമായ അന്വേഷണം ആവശ്യപ്പട്ടാണ് ഡി.എച്ച്.എസ്. രേഖാമൂലം ഡി.ജി.പിയെ പരാതി അറിയിച്ചത്.നേരത്തെ മെയ്ല് വഴിയും വിവരം കൈമാറിയിരുന്നു. ഇതിനകം തന്നെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post