സസ്‌പെന്‍ഷനിലിരിക്കുമ്പോഴും അച്ചടക്കം പാലിക്കാത്ത ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിന് എന്‍ക്വയറി ഓഫീസറെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍. ചാര്‍ജ് മെമ്മോക്കുള്ള പ്രശാന്തിന്റെ മറുപടിക്ക് കാത്തിരിക്കുകയാണ് സര്‍ക്കാര്‍.
മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് പ്രശാന്ത് തിരിച്ച് വിശദീകരണം ആവശ്യപ്പെട്ടത് സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രശാന്തിന്റെ വിശദീകരണ കത്തിന് മറുപടി കൊടുക്കേണ്ട ബാധ്യത തനിക്കില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.
അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെയും വ്യവസായ വകുപ്പ് മുന്‍ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. തൊട്ടുപിറകെ ചാര്‍ജ് മെമ്മോ നല്‍കിയപ്പോള്‍ തിരിച്ച് ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ച പ്രശാന്തിന്റെ നടപടി പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിരുന്നു. തനിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നിരിക്കെ എന്തിന് ചാര്‍ജ് മെമ്മോ എന്നായിരുന്നു പ്രശാന്തിന്റെ പ്രധാന ചോദ്യം. ഇതടക്കം ഏഴ് ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്‍കാതെ മെമ്മോക്ക് മറുപടി തരില്ലെന്നും കത്തില്‍ പ്രശാന്ത് വ്യക്തമാക്കിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതികരണവും ഇല്ലാതെ വന്നതോടെ ഒരു കത്ത് കൂടി പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് അയച്ചു. എന്നാല്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ഒരു ഉദ്യോഗസ്ഥന്റെ കത്തുകളോട് പ്രതികരിക്കേണ്ട ബാധ്യത തനിക്കില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. ഇതോടെ ചാര്‍ജ് മെമ്മോക്ക് മറുപടി നല്‍കാനാണ് പ്രശാന്തിന്റെ തീരുമാനം. ചാര്‍ജ് മെമ്മോ കിട്ടി 30 ദിവസത്തിനകമാണ് മറുപടി നല്‍കേണ്ടത്. ഈ കാലാവധി ഉടന്‍ അവസാനിക്കും. മറുപടി കിട്ടിയ ശേഷം എന്‍ക്വയറി ഓഫീസറും പ്രസന്റിംഗ് ഓഫീസറും അടങ്ങുന്ന സമിതിയെ സര്‍ക്കാര്‍ വകുപ്പ് തല അന്വേഷണത്തിനായി നിയോഗിക്കും.
Discussion about this post