മലയാള സിനിമയിലെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങളുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ കൂടുതൽഭാഗങ്ങൾ ഉടൻ പുറത്തുവന്നേക്കും. പോക്സോ കേസുവരെ ചുമത്താവുന്ന വിവരങ്ങൾ ഇതിൽ ഉണ്ടെന്നാണ് സൂചന.
റിപ്പോർട്ട് ആദ്യം പുറത്തുവിട്ടപ്പോൾ വിവരാവകാശ കമ്മിഷന്റെ ഉത്തരവിന് വിരുദ്ധമായി ചില പേജുകൾ സർക്കാർ ഒഴിവാക്കിയിരുന്നു. ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിൽ ഡിസംബർ ഏഴിന് രാവിലെ 11-ന് കമ്മിഷൻ വിധിപറയാനിരിക്കെ 10.50-നാണ് തടസഹർജി ഫയൽചെയ്യപ്പെട്ടത്. ഇനി ഈ ഹർജിക്കാരനെക്കൂടി കേട്ടശേഷം വിവരാവകാശ കമ്മിഷൻ ഉത്തരവ് പുറപ്പെടുവിക്കും. കമ്മിഷൻ്റെ ഉത്തരവ് എന്തായാലും നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ടിനായി വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയവരിൽനിന്ന് പണംവാങ്ങിയശേഷം നൽകാതിരുന്ന പേജുകൾ നൽകിയേമതിയാകൂ എന്നാണ് കമ്മിഷൻ നിലപാട്. ഇത് പിഴവായിരുന്നുവെന്ന് ഏറ്റുപറഞ്ഞ് സാംസ്കാരികവകുപ്പ് മാപ്പപേക്ഷിച്ചെങ്കിലും കമ്മിഷൻ തള്ളി. തുടർന്നാണ് ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവരാൻ സാഹചര്യമൊരുങ്ങിയത്.
Discussion about this post