ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കി കുടുംബവാഴ്ച അവസാനിപ്പിച്ച് വിമതര്‍ ഭരണം പിടിച്ച സിറിയയിലേക്ക് ഇസ്രായേല്‍ കടന്നു കയറുകയാണ്.
സിറിയ വിമതര്‍ രാജ്യംകീഴടക്കിയതിന് പിന്നാലെ ഗോലാന്‍ കുന്നുകളിലെ സിറിയന്‍ നിയന്ത്രിത പ്രദേശം ഇസ്രായേല്‍ കൈവശപ്പെടുത്തിയിരിക്കുകയാണ്. ഗോലാന്‍ കുന്നുകളിലെ ബഫര്‍ സോണിന്റെ നിയന്ത്രണം തങ്ങളുടെ സൈന്യം താല്‍കാലികമായി ഏറ്റെടുത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. വിമതര്‍ രാജ്യം പിടിച്ചടക്കിയതോടെ 1974ല്‍ സിറിയയുമായി ഉണ്ടാക്കിയ ഉടമ്പടി തകര്‍ന്നുവെന്ന് വ്യക്തമാക്കിയാണ് ഇസ്രയേല്‍ സൈന്യം ഈ പ്രദേശം കൈവശപ്പെടുത്തിയത്.
1967ലെ ആറ് ദിവസത്തെ യുദ്ധത്തിനിടെ സിറിയയില്‍ നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത തന്ത്രപ്രധാനമായ പീഠഭൂമിയാണ് ഗോലാന്‍ കുന്നുകള്‍. ഗോലാന്‍ കുന്നുകളുടെ ഏകദേശം 500 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള മലയോര ഭൂപ്രകൃതി ജോര്‍ദാനുമായും ലെബനനുമായും അതിര്‍ത്തി പങ്കിടുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ ഗോലാന്‍ മുകളില്‍ നിന്ന് സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസ് ദൃശ്യമാണ്. ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു ബഫര്‍ സോണ്‍ ഉപയോഗിച്ച് ഇസ്രായേല്‍ അധിനിവേശ പ്രദേശത്തിന്റെ ഭാഗം സിറിയയില്‍ നിന്ന് വേര്‍തിരിച്ചിരുന്നു. ഈ ബഫര്‍സോണിലേക്കാണ് ഇസ്രായേല്‍ ആധിപത്യം ഈ ഘട്ടത്തില്‍ വ്യാപിപ്പിച്ചിരിക്കുന്നത്.
യഥാര്‍ഥത്തില്‍ സിറിയക്ക് അവകാശപ്പെട്ടതാണ് ഗോലാന്‍ കുന്നുകള്‍. ഗോലാന്‍ കുന്നുകളെ തങ്ങളുടെ ദേശീയ സുരക്ഷാ താല്‍പ്പര്യങ്ങളുടെ താക്കോലായാണ് ഇസ്രായേല്‍ കാണുന്നത്. സിറിയയില്‍ നിന്നും ഇറാനിയന്‍ പ്രോക്‌സി ഗ്രൂപ്പുകളില്‍ നിന്നുമുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ ഈ പ്രദേശം നിയന്ത്രിക്കേണ്ടതുണ്ടെന്ന വാദമാണ് ഗോലാന്‍ കുന്നുകള്‍ കൈവശപ്പെടുത്തുന്നതിന് ഇസ്രായേല്‍ ഉയര്‍ത്തുന്ന വാദം.
പ്രാഥമികമായി സുരക്ഷാ പ്രശ്‌നമാണ് ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ഗോലാന്‍ കുന്നുകളെ സംബന്ധിച്ച് മതപരമായ പ്രശ്‌നങ്ങളുമുണ്ട്. ഇസ്ലാം മതത്തിന്റെ ഒരു ശാഖ ആചരിക്കുന്ന ഡ്രൂസ് വിഭാഗമാണ് ഗോലാന്‍ കുന്നുകളില്‍ താമസിക്കുന്നത്. സിറിയ, ലെബനന്‍, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ഏകദേശം ഒരു ദശലക്ഷം ആളുകളുള്ള ഒരു അറബ് വിഭാഗമാണ് ഡ്രൂസ്. 11-ാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ ഉത്ഭവിച്ച ഈ സംഘം മതം മാറുന്നവരെ അനുവദിക്കുന്നില്ല, മിശ്രവിവാഹവും അനുവദിക്കുന്നില്ല. ഗോലാന്‍ കുന്നുകളില്‍ താമസിക്കുന്ന ഡ്രൂസ് വിഭാഗക്കാര്‍ സിറിയക്കാരായാണ് ജീവിക്കുന്നത്. 1967ല്‍ ഗോലാന്‍ പ്രദേശം പിടിച്ചടക്കിയപ്പോള്‍ ഇസ്രായേല്‍ പൗരത്വ വാഗ്ദാനം ചെയ്‌തെങ്കിലും അവര്‍ നിരസിച്ചു. നിരസിച്ചവര്‍ക്ക് ഇസ്രായേലി റെസിഡന്‍സി കാര്‍ഡുകള്‍ നല്‍കിയെങ്കിലും ഇസ്രായേല്‍ പൗരന്മാരായി പരിഗണിക്കപ്പെട്ടില്ല.
ഗോലാന്‍ കുന്നുകളിലെ ഡ്രൂസ് വിഭാഗം ഏകദേശം 25,000 ജൂത ഇസ്രായേലികളുമായി പ്രദേശം പങ്കിടുന്നു. 30ലധികം സെറ്റില്‍മെന്റുകളിലായി ഇത് വ്യാപിച്ചുകിടക്കുന്നു. ഭൂമി, ജലം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗോലാനിലെ സിറിയന്‍ ഡ്രൂസ് വിഭാഗം വംശീയപരാമായി വിവേചനപരമായ നയങ്ങളാണ് അനുഭവിക്കുന്നത്. 2027ഓടെ ഗോലാനിലെ കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയാക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയെക്കുറിച്ച് യു.എന്‍. മനുഷ്യാവകാശ കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു.
സിറയയിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മുതലെടുത്താണ് ഇസ്രായേല്‍ ഗോലാന്‍ കുന്നുകളിലേക്ക് കൂടുതല്‍ കടന്നു കയറിയിരിക്കുന്നത്. വിമതര്‍ തലസ്ഥാനമായ ഡമാസ്‌കസിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യയിലേക്ക് കടന്നിരുന്നു. ഇതിന് പിന്നാലെ സിറിയന്‍ സൈന്യവും തന്ത്രപ്രധാന മേഖലകളില്‍നിന്ന് പിന്‍വാങ്ങി. ഗോലാന്‍ കുന്നിലെ ബഫര്‍ സോണില്‍നിന്ന് സിറിയന്‍ സൈനികര്‍ ശനിയാഴ്ച പിന്‍വാങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച ഇസ്രയേല്‍ സൈന്യം ഈ പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു. ഇവിടുത്തെ അഞ്ച് സിറിയന്‍ ഗ്രാമങ്ങളിലെ ജനങ്ങളോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ഇസ്രായേല്‍ സൈന്യം നിര്‍ദേശം നല്‍കുകയും ചെയ്തു.
പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ സിറയന്‍ ഭരണം പിടിച്ചെടുത്തിരിക്കുന്നത് ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള ഹയാത് തഹ്‌രീര്‍ അല്‍ ഷാം ആണെന്നുള്ളത് ആശങ്കകള്‍ ശക്തമാക്കുന്നു. ഇസ്രായേലും ഈ നീക്കത്തിനു പിന്തുണ പ്രഖ്യാപിച്ചതിനൊപ്പം സിറിയയുടെ ഭൂപ്രദേശം കൈവശപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ ആശങ്കയിലായിരിക്കുന്ന സിറിയയില്‍ ഗോലാന്‍ കുന്നുകളിലേക്കുള്ള ഇസ്രായേല്‍ കടന്നുകയറ്റം മറ്റൊരു വംശീയ ഉന്മൂലനത്തിന് കാരണമാകുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.
Discussion about this post