മുംബൈ ബാന്ദ്രയിലെ വീട്ടിൽ കവർച്ചാ ശ്രമത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റ സെയ്ഫ് അലിഖാൻ്റെയും ഭാര്യ കരീന കബൂറിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇന്നലെയാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്.
കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടർന്ന് ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. പ്രതിയുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. നിലവിലെ അന്വേഷണം ഈ ചിത്രങ്ങൾ കേന്ദ്രീകരിച്ചാണ്. 30 ടീമുകളായി തിരിഞ്ഞ് അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. 30-ലധികം പേരുടെ മൊഴി ഇതിനോടകം പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പൊലീസിന് നിരവധി സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്. ഉടൻ തന്നെ പ്രതി പിടിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈ പൊലീസിന്റെ 20 സംഘങ്ങളും ക്രൈം ബ്രാഞ്ചിന്റെ 10 സംഘങ്ങളുമാണ് നിലവിൽ വിഷയം അന്വേഷിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളല്ല അക്രമി എന്നാണ് വിവരം.
സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പ്രദേശം നേരത്തേ നിരീക്ഷിച്ചിരുന്നതായാണ് സംശയിക്കുന്നത്. ബാന്ദ്ര വെസ്റ്റിൽ സദ്ഗുരുശരൺ ബിൽഡിങ്ങിന്റെ 11, 12 നിലകൾ യോജിപ്പിച്ചുള്ള ഡ്യൂപ്ലക്സിലാണ് ഖാന്റെ കുടുംബം താമസിക്കുന്നത്. കെട്ടിടത്തിന്റെ പിന്നിലെ ഗേറ്റ് ചാടിയാണ് ഇയാൾ അകത്തുകടന്നതെന്ന് പൊലീസ് പറയുന്നു. കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചതോടെ സി.സി.ടി.വി. ക്യാമറകൾ ഒഴിവാക്കാൻ ഫയർ എക്സിറ്റ് പടികൾ കയറുകയായിരുന്നു. കൃത്യമായ ആസൂത്രണമില്ലാതെ ഇതിനു സാധിക്കില്ലെന്നാണ് പൊലീസിന്റെ നിഗമനം.
സെയ്ഫ് അലിഖാൻ താമസിക്കുന്ന കെട്ടിടത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമല്ലെന്ന് പൊലീസ് വിലയിരുത്തി.
Discussion about this post