രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് 2025 ൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ 2026 വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ജനസംഖ്യാ കണക്കെടുപ്പിന് ശേഷം ലോക്സഭ മണ്ഡലങ്ങളുടെ പുനർനിർണയം ആരംഭിക്കുമെന്നും ഇത് 2028 ഓടെ പൂർത്തിയാകുമെന്നും കരുതുന്നതായി റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ ജാതി സെൻസസ് നടപ്പാക്കേണ്ട കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ യാതൊരു തീരുമാനവും പുറത്തു വിട്ടിട്ടില്ല.
ഓരോ പത്ത് വർഷത്തിലുമാണ് രാജ്യത്തെ ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പായ സെൻസസ് നടത്തുക. ഇന്ത്യയിൽ 2011-ലാണ് അവസാനമായി സെൻസസ് നടന്നത്. 121 കോടിയിലേറെയാണ് അന്ന് രേഖപ്പെടുത്തിയ ജനസംഖ്യ. മുൻപത്തേക്കാൾ 17.7 ശതമാനത്തിൻ്റെ വർധനവായിരുന്നു ഇത്.
സെൻസസ് ഉചിതമായ സമയത്ത് തന്നെ നടക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ പറഞ്ഞത്. അന്തിമ തീരുമാനമായാൽ അക്കാര്യം പ്രഖ്യാപിക്കും. നടക്കാനിരിക്കുന്ന സെൻസസ് മൊബൈൽ ആപ്പ് വഴി പൂർണമായും ഡിജിറ്റലായാണ് നടക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post