63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒന്നാം വേദി ‘എം ടി നിള’യില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു.
ഇനി അഞ്ചുനാള്‍ തലസ്ഥാന നഗരയിലെ പുഴകളുടെ പേരുകളിലുള്ള 25 വേദികളില്‍
249 മത്സരങ്ങള്‍ 15000 കുട്ടികള്‍ മാറ്റുരയ്ക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ 63 മത് പതിപ്പിലേക്ക് തിരുവനന്തപുരം എട്ടുവര്‍ഷത്തിന് ശേഷം ആതിഥ്വം വഹിക്കുമ്പോള്‍ പ്രത്യേതകളേറെയുണ്ട്. മേളയുടെ ഭാഗമാവാന്‍ വലിയ ദുരന്തത്തെ അതീജിവിച്ച് തിരിച്ചുവരാനൊരുങ്ങുന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളുണ്ട്, മാത്രമല്ല ചരിത്രത്തിലാദ്യമായി ആദിവാസി ഗോത്രകലകളായ മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ മത്സരത്തിനുണ്ട്.
കലോത്സവത്തില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി 1,000 രൂപ നല്‍കും. തിരുവനന്തപുരം എസ്.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 7 കൗണ്ടറുകളിലായി 14 ജില്ലകള്‍ക്കും പ്രത്യേകം രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേകം ഹെല്‍പ്പ് ഡെസ്‌ക്കും ക്രമീകരിച്ചിട്ടുണ്ട്. പുത്തരിക്കണ്ടത്തെ ഊട്ടുപുരയില്‍ ഒരേ സമയം നാലായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാം.
പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ തിരഞ്ഞെടുത്ത കുട്ടികളും അവതരിപ്പിച്ച മനോഹര നൃത്താവിഷ്‌കാരത്തോടെയായിരുന്നു മേളയുടെ തുടക്കം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിനാണ് കുട്ടികള്‍ ചുവടുവച്ചത്. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പതാക ഉയര്‍ത്തിയതോടെയാണ് മേളയ്ക്ക് ഔദ്യോഗിക തുടക്കമായത്.
Discussion about this post