സ്വത്തുതര്‍ക്ക കേസില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാറിന് ആശ്വാസമായി ഫൊറന്‍സിക് റിപ്പോര്‍ട്ട്. പിതാവ് ആര്. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ വ്യാജമാണെന്നുകാണിച്ച് സഹോദരി ഉഷ മോഹന്‍ദാസ് നല്കിയ പരാതിയില്‍ ഉഷയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടുള്ളതാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. വില്‍പത്രത്തിലെ ഒപ്പുകള്‍ ബാലകൃഷ്ണപിള്ളയുടേത് തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വില്‍പത്രത്തിലെ ഒപ്പ് ബാലകൃഷ്ണപിള്ളയുടേതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷ കോടതിയെ സമീപിച്ചത്. ബാലകൃഷ്ണപിള്ളയുടെ അവസാനകാലങ്ങളില്‍ ആരോഗ്യം വളരെ മോശമായിരുന്നു. ആ സമയത്ത് ഗണേഷ് കുമാര്‍ വ്യാജ ഒപ്പിട്ട് സ്വത്ത് തട്ടിയെടുത്തു എന്നായിരുന്നു ഉഷയുടെ പരാതി. കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് വില്‍പത്രത്തിലെ ഒപ്പുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചത്. സഹോദരിയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗണേഷ് കുമാറിനെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ രണ്ടരവര്‍ഷം മന്ത്രിയാവുന്നതില്‍നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.
റിപ്പോര്‍ട്ടിനു പിന്നാലെ ഗണേഷ്കുമാര് സമൂഹമാധ്യമത്തിലൂടെ ഇതേക്കുറിച്ച് പ്രതികരിച്ചു. സത്യം എപ്പോഴും മറഞ്ഞിരിക്കും. അത് കുറച്ചുദിവസം കഴിഞ്ഞേ പുറത്തുവരൂ. കള്ളം പറയുന്നതായിരിക്കും ആദ്യം ഉയര്‍ന്നു കേള്‍ക്കുന്നത്. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാലും ഒടുവില്‍ സത്യം തെളിയുകതന്നെ ചെയ്യും. എന്നെക്കുറിച്ച് വന്ന ആരോപണങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതില്‍ വളരെ സന്തോഷമെന്നും ഗണേഷ്കുമാര് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Discussion about this post