നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റിലായി. കോയമ്പത്തൂരിലേക്ക് പോകും വഴി വയനാട്ടിലെ ആയിരം ഏക്കറിന് സമീപത്ത് വച്ച് ബോബിയുടെ വാഹനം തടഞ്ഞാണ് അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘവും വയനാട്ടിലെ എസ്.പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് ബോബിയെ പിടികൂടിയത്. പ്രതിയെ പുത്തൂർ വയൽ പൊലീസ് ക്യാമ്പിലെത്തിച്ച ശേഷം കൊച്ചിയിലേക്ക് പൊലീസ് സംഘം യാത്ര തിരിച്ചു.
കോയമ്പത്തൂരിൽ ജൂവല്ലറിയുടെ ഉദ്ഘാടനം ഇന്നാണ് നടക്കേണ്ടിയിരുന്നത്. ബോബിയും നടി ഹാൻസികയും ചേർന്നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ഇവിടേക്ക് പോകാനുള്ള യാത്രക്കിടെയാണ് ബോബി പിടിയിലായത്. ബോബി കസ്റ്റഡിയിലായിട്ടും കോയമ്പത്തൂരിൽ ഉദ്ഘാടനം നടന്നു.
ബോബി ഇന്നലെ മുതൽ വയനാട്ടിലുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞാണ് കൊച്ചി പൊലീസ് വയനാട്ടിലേക്ക് പുറപ്പെട്ടത്. ഇന്നലെ കൊച്ചിയിലെ അഭിഭാഷകരുമായി മുൻകൂർ ജാമ്യഹർജി നൽകുന്നത് ബോബി ആലോചിച്ചിരുന്നു. ഈ നീക്കം പൊളിച്ചാണ് പൊലീസ് നടപടി.
Discussion about this post