നടി ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് പ്രത്യേക സംഘം അന്വേഷിക്കും. സെൻട്രൽ എസി.പി.ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണവും സെൻട്രൽ എ.സി.പിക്ക് കേസിന്റെ മേൽനോട്ട ചുമതലയും നൽകി. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.
ഹണി റോസിൻ്റെ പരാതി അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നത് പൊലീസ് പരിശോധിച്ച് വരികയാണ്. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിൻ്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമൻ്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറിയിട്ടുണ്ട്. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.
അതിനിടെ ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്തെത്തി. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് അവൾക്കൊപ്പമെന്ന് കുറിച്ചാണ് ഡബ്ല്യു.സി.സി. പിന്തുണ അറിയിച്ചിരിക്കുന്നത്.
Discussion about this post