മലയാള സിനിമാ മേഖലയിലെ ലൈംഗിക പീഡനം സംബന്ധിച്ച് ഹേമ കമ്മിറ്റിക്ക് ലഭിച്ച എല്ലാ മൊഴികളിലും കേസ് എടുക്കാമോ എന്നതില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറയുക. പരാതി ഇല്ലാത്തവരുടെ മൊഴികളില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് എടുക്കാന്‍ കഴിയുമോ എന്നതില്‍ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം അഞ്ച് വര്‍ഷത്തോളം സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് നടപടി എടുത്തില്ലെന്നും സുപ്രീം കോടതി ആരാഞ്ഞു.
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍, മാല പാര്‍വതി, ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇവരുടെ ഹര്‍ജികളിലാണ് തിങ്കളാഴ്ച സുപ്രീംകോടതി ഉത്തരവ് ഇറക്കുന്നത്.
ലൈംഗികപീഡനം സംബന്ധിച്ച് പരാതി നല്‍കാത്തവരുടെ മൊഴികളില്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് വിചിത്രമാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പരാതി ഇല്ലാത്തവരെ അങ്ങനെ പീഡിപ്പിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും തങ്ങള്‍ പീഡന പരാതി നല്‍കിയിട്ടില്ലെന്നും എന്നാല്‍ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് ബുദ്ധിമുട്ടിക്കുകയാണെന്നും മാല പാര്‍വതി ഉള്‍പ്പെടെയുള്ളവവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
Discussion about this post