സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്തുവിടുന്ന വിഷയത്തില്‍ വിവരാവകാശ കമ്മീഷന് വിധി പറയുന്നത് മാറ്റിവച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ പുതിയ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വിധി പറയല്‍ മാറ്റിയത്. ശനിയാഴ്ച രാവിലെ 11ന് ഉത്തരവ് പുറത്തുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. പരാതി പരിശോധിച്ചതിനു ശേഷമായിരിക്കും പൂര്‍ണരൂപം പുറത്തുവിടുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
ഹേമ കമ്മിറ്റി നല്കിയ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് പറഞ്ഞു. കോടതി നിര്‍ദേശങ്ങള്‍ അതുപോലെ പാലിച്ചിട്ടുണ്ട്. കമ്മീഷന് പുറത്തു വിടരുതെന്ന് പറഞ്ഞ ഭാഗങ്ങള്‍ മാത്രമാണ് പുറത്ത് വിടാതിരുന്നത്. കേസ് ഇപ്പോള്‍ കോടതിയുടെ മുന്നിലാണ്. കോടതിയും കമ്മീഷനും ഇക്കാര്യങ്ങള്‍ പുറത്ത് വിടാന്‍ പറഞ്ഞാല്‍ സര്‍ക്കാറിന് എതിര്‍പ്പില്ല. സിനിമയിലെ സ്ത്രീപക്ഷത്തിന്റെ പ്രശ്നങ്ങള്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. കേരളത്തിലെ സിനിമാരംഗത്ത് നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ഡബ്ല്യൂ.സി.സി. നല്കിയ അപ്പീലിന്റെ വെളിച്ചത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കമ്മിറ്റി നിലവില്‍ വരുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post