ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം തുടരുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആകെ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 11 കേസുകള്‍ ഒരു അതിജീവിതയുടെ പരാതിയിലാണെന്നും നാല് കേസുകളില്‍ അവ്യക്തത ഉണ്ടെന്നും പ്രത്യേക അന്വേഷണ സംഘം ഡിവിഷന് ബെഞ്ചിനെ അറിയിച്ചു. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, സി.എസ്. സുധ എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷന് ബഞ്ച് ഈ മാസം 19 ന് ഹര്‍ജികള്‍ വീണ്ടും പരിഗണിക്കും.
എല്ലാ കേസുകളിലും ആരോപണ വിധേയരെ തിരിച്ചറിയുകയും തുടര്‍ നടപടികളിലേക്ക് കടക്കുകയും ചെയ്തു. കോടതികളില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ പ്രതികളെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കുറ്റപത്രം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കും. തെളിവുകള്‍ ഇല്ലാത്തതിനാല്‍ നാല് കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
ബാലചന്ദ്രമേനോന് മുന്‍കൂര്‍ ജാമ്യം
ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. സംഭവം നടന്നിട്ട് 17 വര്‍ഷമായെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്ക്കും അന്തസുണ്ടെന്നും രാജ്യം പത്മശ്രീ നല്കി ആദരിച്ചയാളാണ് ബാലചന്ദ്ര മേനോനെന്നും വ്യക്തമാക്കി.
Discussion about this post