മലയാള സിനിമാ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തിയ ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ മൊഴി നല്‍കിയ നടി സുപ്രീം കോടതിയില്‍. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കാരണമാണെന്നും കേസുമായി മുന്നോട്ട് പോകാനില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നടി വ്യക്തമാക്കി.
ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന തുടര്‍നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നിട്ടും തന്റെ മൊഴിയുമായി നേരിട്ട് ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിന്റെ പേരില്‍ വിളിച്ചു വരുത്തുന്നു എന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നടി ആരോപിച്ചിട്ടുണ്ട്.
സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിന് വേണ്ടി മാത്രമാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത്. അല്ലാതെ ക്രിമിനല്‍ കേസിന് വേണ്ടി അല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകന്‍ ആബിദ് അലി ബീരാന്‍ ആണ് നടിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
Discussion about this post