കൊച്ചിയിൽ സ്റ്റേഡിയത്തിൻ്റെ ഗ്യാലറിയിൽ നിന്നും വീണ് പരിക്കറ്റ എം.എൽ.എ. ഉമ തോമസ് വെൻ്റിലേറ്ററിൽ. നിലവിൽ 24 മണിക്കൂർ നിരീക്ഷിച്ച ശേഷം മാത്രമെ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുവെന്നും ഡോക്ടർമാർ വ്യക്തമാക്കി. എം.എൽ.എയുടെ ചികിത്സക്കായി സർക്കാർ നിയോഗിച്ച കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള വിദഗ്ധ സംഘം കൊച്ചിയിലെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കൊച്ചി റെനെ മെഡിസിറ്റിയിലാണ് ഉമ തോമസിനെ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്.
സ്കാനിങ്ങിൽ തലച്ചറിന് പരിക്കുണ്ടെന്ന് കണ്ടെത്തി. നട്ടെല്ലിനും ചെറിയ പരിക്കുണ്ട്. ശ്വാസകോശത്തിൽ പരിക്കും മുറിവുമുള്ളതായും വാരിയെല്ല് ശ്വാസകോശത്തിൽ കയറി ഉണ്ടായ മുറിവ് വഴി രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി. ശരീരം മുഴുവൻ എക്സ്റെ എടുത്ത് പരിശോധിച്ചു. കുഴപ്പങ്ങൾ കണ്ടില്ല. പ്രധാനമായും നോക്കുന്നത് തലച്ചേറിലേയും ശ്വാസകോശത്തിലേയും പരിക്കുകളാണ്. മുഖത്തെ എല്ലുകളിലും ചെറുതായി പരിക്കുണ്ടായി.
ശസ്ത്രക്രിയയുടെ ആവശ്യമില്ല, നല്ലവണ്ണം ബ്ലീഡിംഗ് ഉണ്ട്. നിരീക്ഷണത്തിലാണിപ്പോൾ. രക്തസമ്മർദ്ദം നിരീക്ഷിച്ച് പതിയെ കാര്യങ്ങൾ നീക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തിടുക്കപ്പെട്ട് ചെയ്യണ്ട കാര്യങ്ങളല്ല. പെട്ടെന്നുള്ള പരിഹാരം നടപ്പില്ല .ശ്വാസകോശവും തലച്ചേറും പരിക്കിലായതുകൊണ്ട് വളരെ സൂക്ഷമമായി പരിശോധിച്ച് മുന്നോട്ടുപോകണം- ന്യൂറോ സർജൻ മിഷേൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗിന്നസ് റെക്കോഡിനായി സംഘടിപ്പിച്ച മൃദംഗനാദം പരിപാടിയിലാണ് അപകടം നടന്നത്. 15 അടി ഉയരത്തിൽനിന്നാണ് എം.എൽ.എ. വീണത്. വി.ഐ.പി. ഗാലറിയിൽനിന്നു വീണ എം.എൽ.എയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വി.ഐ.പികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റു വി.ഐ.പികളും ഇരിക്കുന്നുണ്ടായിരുന്നു. അവിടേയ്ക്കു നടന്നു വന്നപ്പോഴാണ് എം.എൽ.എ താഴെ വീണത്.
Discussion about this post