പാറശാല ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്‌മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരെന്ന് കോടതി. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കം കുറ്റങ്ങൾ തെളിഞ്ഞു. മൂന്നാം പ്രതി അമ്മാവൻ തെളിവ് നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ശിക്ഷാവിധി ശനിയാഴ്‌ച പ്രഖ്യാപിക്കും. ശിക്ഷയെ സംബന്ധിച്ച് പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദം കേട്ടശേഷമായിരിക്കും ശിക്ഷ തീരുമാനിക്കുക. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രഖ്യാപിച്ചത്.
ഗ്രീഷ്‌മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് ചുമത്തിയിരുന്നത്. കാമുകിയായിരുന്ന ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്‌മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.
ഷാരോണും ഗ്രീഷ്‌മയുമായി വർഷങ്ങളായി ബന്ധമുണ്ടായിരുന്നു. മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് നടത്തി വിദ്ഗദമായി പാരാസെറ്റാമോൾ കലർത്തിയ ജൂസ് ഷാരോണിനെ കൊണ്ട് ആദ്യം കുടിപ്പിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായെങ്കിലും ഷാരോൺ രക്ഷപ്പെട്ടു. പിന്നീടാണ് പളുകിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്.
2022 ഒക്ടോബർ 14നായിരുന്ന ഷാരോൺ കഷായം കുടിച്ചത്. ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 11 ദിവസത്തിന് ശേഷം ഷാരോൺ മരിച്ചു. ഷാരോണിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസിനെയുമെല്ലാം അതിവിഗ്ദമായി തെറ്റിദ്ധരിപ്പിച്ച് ഷാരോൺ ആശുപത്രിയിൽ കിടന്നപ്പോൾ രക്ഷപ്പെടാൻ ഗ്രീഷ്മ ശ്രമിച്ചു. മജിസ്ട്രേറ്റിന് നൽകിയ മരണമൊഴിയിൽ ഗ്രീഷ്‌മക്കെതിരെ ഷാരോൺ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ സുഹൃത്തിനോടും അച്ഛനോടും ഗ്രീഷ്‌മ ചതിച്ചെന്ന് ഷാരോൺ പറഞ്ഞെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറൻസിക് ഡോക്‌ടർ കൈമാറിയ ശാസത്രീയ തെളിവുകളാണ് നിർണായകമായത്.
പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ ഗ്രീഷ്‌മ കുറ്റം സമ്മതിക്കുകയായിരുന്നു. തെളിവുകൾ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, നിർമ്മല കുമാരൻ നായരെയും പ്രതി ചേർത്തു. കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. ഒരു വർഷം ജയിലിൽ കിടന്ന ശേഷമാണ് ഗ്രീഷ്‌മ ജാമ്യത്തിൽ ഇറങ്ങിയത്.
Discussion about this post