കുവൈത്തിലെ ഗൾഫ് ബാങ്കിനെ കോടികൾ കബളിപ്പിച്ച് മുങ്ങിയ നഴമാരടങ്ങുന്ന 1425 മലയാളികൾക്കെതിരായ കേസിൽ കൂടുതൽ വിവരങ്ങൾ കൈമാറാൻ ബാങ്ക് അധികൃതർ അടുത്ത ആഴ്ച കൊച്ചിയിലെത്തും. പ്രതികളായ നഴ്സുമാരുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നീക്കം ബാങ്ക് അധികൃതർ തുടങ്ങിയതായാണ് വിവരം.
ഗൾഫ് ബാങ്ക് കുവൈത്തിൻ്റെ ഡപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് വൻ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത്. 2020-22 കാലഘട്ടത്തിൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്തിരുന്ന 700 നഴ്സുമാരടക്കം 1425 മലയാളികൾ 700 കോടിയോളം ബാങ്കിനെ കബളിപ്പിച്ച് കടന്നു കളഞ്ഞതായാണ് പരാതി. സംസ്ഥാന പൊലീസ് ഉന്നതരെ വന്നുകണ്ട ബാങ്ക് അധികൃതർ ഇവരെ കണ്ടെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 10 പേരെ തിരിച്ചറിഞ്ഞതും കേസെടുത്തതും.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതിൽ എട്ട് കേസുകൾ എറണാകുളം റൂറൽ പരിധിയിലും ഒരെണ്ണം കൊച്ചി സിറ്റിയിലും മറ്റൊരെണ്ണം കോട്ടയത്തുമാണ്. അറുപത് ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയാണ് ഓരോരുത്തരും കുവൈത്തിലെ സാലറി സർട്ടിഫിക്കറ്റ് കാണിച്ച് ലോണെടുത്തത്. ആദ്യത്തെ കുറച്ച് തവണകൾ അടച്ചശേഷം പലപ്പോഴായി ഇവരെല്ലാം മുങ്ങിയെന്നാണ് ബാങ്ക് അധികൃതരുടെ പരാതി. ഭൂരിഭാഗം പേരും അമേരിക്ക, കാനഡ, ബ്രിട്ടൻ, അയർലൻഡ്, ഓസ്ട്രേലിയ എന്നിവടങ്ങിലേക്ക് കുടിയേറി. കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്താനാണ് സംസ്ഥാന പൊലീസിൻ്റെ സഹായം തേടിയത്.
കുവൈത്തിലെത്തിയ ശേഷം ഇടനിലക്കാർ മുഖേനയാണ് ലോൺ എടുത്തതെന്നും കൊവിഡിനെ തുടർന്ന് മടങ്ങിപ്പോന്നെന്നുമാണ് പ്രതികളായവർ പറയുന്നത്.
Discussion about this post