പെരിന്തല്‍മണ്ണയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ അതേനാട്ടുകാരായ ദമ്പതികള്‍ അറസ്റ്റിലായി. സ്ത്രീയുടെ നഗ്‌നവീഡിയോ ഫോണില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തതിന്റെ വിരോധത്തിലാണ് കൊലനടത്തിയതെന്ന് പൊലീസ് പറയുന്നു.
പെരിന്തല്‍മണ്ണ ഗാന്ധിനഗറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന പശ്ചിമബംഗാള്‍ സൗത്ത് 24 പര്‍ഗാനാസ് ഹരിപുര്‍ സ്വദേശി ദീപാങ്കര്‍ മാജി (38) കൊല്ലപ്പെട്ട കേസിലാണ് പ്രതികളെ ബംഗാളില്‍ അറസ്റ്റ് ചെയ്തത്. പുറത്തുനിന്ന് പൂട്ടിയ മുറിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ദീപാങ്കര്‍ മാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് പറയുന്നത്: കൊല്ലപ്പെട്ട ദീപാങ്കര്‍ മാജിയുടെ നാട്ടുകാരായ ദമ്പതിമാര്‍ ഒരു കുട്ടിയുമൊന്നിച്ച് ഇടയ്ക്കിടെ ഇയാളുടെ മുറിയിലെത്താറുണ്ടായിരുന്നു. ഇവര്‍ പെരിന്തല്‍മണ്ണയില്‍ മറ്റൊരിടത്താണ് താമസിച്ചിരുന്നത്. ഇതിനിടെ ദമ്പതിമാരില്‍, ഭാര്യയുടെ നഗ്‌നവീഡിയോ ദീപാങ്കര്‍ ഫോണില്‍ എടുത്തു. അതുകാണിച്ച് പല ദിവസങ്ങളിലായി ബ്ലാക്ക്‌മെയില്‍ ചെയ്തു. ഇതിലെ വിരോധം വെച്ച് ദീപാങ്കറിനെ കൊലപ്പെടുത്തുകയായിരുന്നു.
കൊല നടത്താനായി ഭര്‍ത്താവ് പല ദിവസങ്ങളിലായി വാങ്ങിയ ഉറക്കഗുളികകളുമായി 26ന് യുവതി ദീപാങ്കര്‍ താമസിക്കുന്നിടത്തെത്തി. സൗഹൃദം നടിച്ച് ഇയാളറിയാതെ ഉറക്കഗുളിക വെള്ളത്തില്‍ കലര്‍ത്തി നല്‍കി. മയക്കിക്കിടത്തിയശേഷം ഭര്‍ത്താവിനെ വിളിച്ചുവരുത്തി. രണ്ടുപേരും ചേര്‍ന്ന് തലയിണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീപാങ്കറിന്റെ ഫോണുമെടുത്ത് മുറി പൂട്ടി നാട്ടിലേക്ക് പോയി.ഇവര്‍ 26ന് ദീപാങ്കറിന്റെ വീട്ടിലെത്തി എന്ന സാക്ഷിമൊഴിയാണ് കേസില്‍ വഴിത്തിരിവായത്. കൊലപാതകത്തിനുശേഷം 28ന് ഉച്ചയോടെയാണ് ദീപാങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്. ദമ്പതികള്‍ കൊല്ലപ്പെട്ടയാളുടെ താമസ സ്ഥലത്ത് എത്തിയിരുന്നെന്ന സാക്ഷിമൊഴിയാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്.
ബംഗാളിലെത്തിയ പെരിന്തല്‍മണ്ണ പൊലീസ് സംഘം കോടതിയുടെ അനുമതിയോടെ പ്രതികളെ വ്യാഴാഴ്ച പെരിന്തല്‍മണ്ണയിലെത്തിച്ചു.
Discussion about this post