ട്വന്റി20 ലോകകപ്പ് വിജയികളായി തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നാട്ടില്‍ വമ്പന്‍ സ്വീകരണം. ടീമിനെ സ്വീകരിക്കാന്‍ നൂറു കണക്കിന് ആരാധകരാണ് ഡല്‍ഹി വിമാനത്താവളത്തിനു മുന്നില്‍ തടിച്ചുകൂടിയത്. എഐസി 24 ഡബ്ല്യുസി (എയര്‍ ഇന്ത്യ ചാമ്പ്യന്‍സ് 24 വേള്‍ഡ്കപ്പ്) എന്ന ചാര്‍ട്ടേട് വിമാനത്തിലാണ് ലോക ചാമ്പ്യന്മാര് എത്തിയത്. ടീമിന് കനത്ത സുരക്ഷയൊരുക്കാന്‍ സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു.
വിമാനത്താവളത്തില്‍നിന്ന് ബസിലാണ് കളിക്കാരെ ഹോട്ടലിലേക്ക് കൊണ്ടുപോയത്. രാവിലെ 6.57 ഓടെയാണ് താരങ്ങള്‍ വിമാനത്താവളത്തിനു പുറത്തെത്തി ബസുകളിലേക്കു കയറിയത്. വിരാട് കോലിയാണ് ആദ്യം പുറത്തെത്തിയത്. ആരാധകര്‍ ടീമിനായി അവേശത്തില് മുദ്രാവാക്യം വിളിച്ചു. പിന്നാലെ ഓരോ താരങ്ങളായി പുറത്തെത്തി ബസിലേക്ക് കയറി. നിര്‍ണായക ക്യാച്ച് എടുത്ത സൂര്യകുമാര്‍ യാദവ് പുറത്തെത്തിയപ്പോഴും വലിയ രീതിയില്‍ കരഘോഷം മുഴങ്ങി.
ടീം അംഗങ്ങള്‍ക്ക് രാവിലെ 11ന് പ്രധാനമന്ത്രിയുടെ വസതിയില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. വൈകിട്ടോടെ ടീം മുംബൈയില്‍ എത്തും. വൈകിട്ട് 5ന് മുംബൈയിലെ നരിമാന് പോയിന്റില്‍ നിന്നു വാങ്കഡെ സ്റ്റേഡിയം വരെ തുറന്ന ബസില്‍ ടീം ലോകകപ്പ് ട്രോഫിയുമായി പര്യടനം നടത്തും. പിന്നാലെ രാത്രി 7ന് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ടീമംഗങ്ങള്‍ക്കുള്ള സമ്മാനത്തുക കൈമാറുമെന്നു ബി.സി.സി.ഐ. അറിയിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റും മോശം കാലാവസ്ഥയും മൂലം ടീമിന് ബാര്‍ബഡോസില്‍നിന്ന് യഥാസമയം പുറപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ടീം അംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും അടക്കം 70 പേരടങ്ങുന്ന സംഘത്തെ തിരികെ എത്തിക്കാന്‍ ബി.സി.സി.ഐ. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം അയച്ചിരുന്നു. ഫൈനല്‍ വിജയത്തിനു ശേഷം ജൂണ്‍ 30ന് ന്യൂയോര്‍ക്ക്- ദുബൈയ് വഴി നാട്ടിലേക്കു മടങ്ങാനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പദ്ധതി. എന്നാല്‍, ശക്തമായ ചുഴലിക്കാറ്റുമൂലം ബാര്‍ബഡോസിലെ വിമാനത്താവളം അടച്ചിട്ടതോടെ ടീമിന്റെ യാത്ര മുടങ്ങുകയായിരുന്നു. തുടര്‍ന്നാണ് ബി.സി.സി.ഐ. പ്രത്യേക വിമാനത്തില്‍ ടീമിനെ നാട്ടിലെത്തിക്കാന്‍ തീരുമാനിച്ചത്.
Discussion about this post