കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ 12 കാരന് അഞ്ച് ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിയും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നേരത്തെ മരിച്ചിരുന്നു. ഈ മാസം 12 നാണ് കണ്ണൂര്‍ തൊട്ടാട സ്വദേശിയായ ദക്ഷിണ മരിച്ചത്.
രോഗം റിപ്പോര്‍ട്ട് ചെയ്ത കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.
Discussion about this post