കൊളംബിയയെ ഒരു ഗോളിന് കീഴടക്കി മെസിയും സംഘവും കോപ്പ അമേരിക്കയില്‍ മുത്തമിട്ടു. അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാമത്തെയും ആകെ പതിനാറാമത്തെയും കോപ്പ കിരീടമാണിത്.
നായകന്‍ ലയണല്‍ മെസി പാതി വഴിയില്‍ മടങ്ങിയിട്ടും തളരാതെ പോരാടിയ അര്‍ജന്റീന രക്ഷകനായി അവതരിച്ച ലൗട്ടാറോയുടെ ഗോളില്‍ വിജയിക്കുകയായിരുന്നു. മുഴുവന്‍ സമയവും അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. നായകന്‍ ലയണല്‍ മെസി രണ്ടാം പകുതിയില്‍ പരിക്കേറ്റ് പുറത്തുപോയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. പന്ത് കൈവശം വച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ അര്‍ജന്റീന നിരവധി മുന്നേറ്റങ്ങള്‍ നടത്തി. 65-ാം മിനിറ്റില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മെസ്സിയെ കളത്തില്‍ നിന്ന് പിന്‍വലിച്ചു. നിക്കോളാസ് ഗോണ്‍സാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെ ഡഗൗട്ടില്‍ നിന്ന് മെസി പൊട്ടിക്കരയുന്നതിനും ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസി ഇല്ലെങ്കിലും മൈതാനത്ത് അര്‍ജന്റീന കടുത്ത പോരാട്ടം തന്നെ കാഴ്ചവച്ചു. അവസാനം മത്സരം എക്‌സ്ട്രാടൈമിലേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാര്‍ട്ടിനസെത്തി. മൈതാനമധ്യത്ത് നിന്്‌ന ഡീപോള്‍ നല്‍കിയ പന്ത് ലോ സെല്‍സോ സമയം പാഴാക്കാതെ ബോക്‌സിലേക്ക് നീട്ടി. ഓടിയെത്തിയ ലൗട്ടാറോ ഗോളിയെ മറികടന്ന് വലകുലുക്കി. പിന്നാലെ അര്‍ജന്റീന കോപ്പ കിരീടത്തില്‍ മുത്തമിട്ടു.
Discussion about this post