തനിക്കുള്ള പിന്തുണ മറ്റൊരാള്‍ക്കെതിരായ വിദ്വേഷപ്രചാരണമാകരുതെന്ന് നടന് ആസിഫ് അലി. ഉപഹാരസമര്‍പ്പണ ചടങ്ങില്‍ സംഗീതസംവിധായകന് രമേഷ് നാരായണ്‍ അപമാനിച്ചെന്ന വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ആസിഫ് അലി ഇങ്ങനെ പറഞ്ഞത്.
രമേഷ് നാരായണിന്റെ ബുദ്ധിമുട്ട് തനിക്ക് മനസിലാകും. ഒരു രീതിയിലും തന്നെ അദ്ദേഹം അപമാനിച്ചതായി തോന്നിയിട്ടില്ല. പക്ഷേ, താന്‍ കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു എന്ന് തോന്നിയവരുണ്ട്. താന്‍ അപമാനിക്കപ്പെട്ടതായി അവര്‍ക്ക് തോന്നിയിരിക്കാമെന്നും ആസിഫ് അലി പറഞ്ഞു. അദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍ പേര് തെറ്റിയാണ് വിളിച്ചത്. എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുന്ന ചെറിയ ടെന്‍ഷന്‍ അദ്ദേഹത്തിന് തോന്നിയിരിക്കാം. അദ്ദേഹത്തിന്റെ കാലിന് ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ താന്‍ മെമന്റോ കൊടുക്കുന്ന സമയത്ത് സ്റ്റേജില്‍ കയറാന്‍ സാധിച്ചില്ല. അത് വീഡിയോയിലൂടെ വന്നപ്പോള്‍ മറ്റു തരത്തിലായി.
ആ നിമിഷത്തിലുണ്ടായ തെറ്റിദ്ധാരണയാണത്. അദ്ദേഹത്തോട് ബുധന്‍ രാവിലെയാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. എന്നോട് അദ്ദേഹം മാപ്പുപറയുന്ന അവസ്ഥയില്‍വരെ കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ഈ സംഭവമുണ്ടായപ്പോള്‍ത്തന്നെ പിന്തുണച്ചവരോടാണ് നന്ദി പറഞ്ഞത്. പിന്തുണയില്‍ സന്തോഷവും അഭിമാനവുമുണ്ട്. പക്ഷേ, അതിനൊപ്പം അദ്ദേഹത്തിനെതിരായ വിദ്വേഷപ്രചാരണത്തില്‍ വിഷമമുണ്ട്. അദ്ദേഹം ഒരു മനുഷ്യനെയും കുറച്ചുകാണുന്ന ആളല്ല. ഇതിനെ മറ്റൊരു ചര്‍ച്ചയിലേക്ക് കൊണ്ടുപോകരുത്. ഈ വിഷയത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ആസിഫ് അലി പറഞ്ഞു.
Discussion about this post