ചരക്കുകപ്പലിടിച്ചു തകര്‍ന്ന യു.എസിലെ ബാള്‍ട്ടിമോര്‍ തുറമുഖത്തിനടുത്തുള്ള പ്രധാന പാലമായ ‘ഫ്രാന്‍സിസ് സ്കോട്ട് കീ’ പാലത്തിന്റെ നിര്‍മാണം എളുപ്പമായിരിക്കില്ലെന്ന് യു.എസ് ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിജിജ്. പാലം ഉടന്‍ പണിയുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വേഗത്തില്‍ പാലം സാധാരണ നിലയിലേക്കെത്തിക്കുന്നത് എളുപ്പമായിരിക്കില്ലെന്നാണ് പീറ്റ് ബുട്ടിജിജ് പറഞ്ഞത്. ഇതൊരു സാധാരണ പാലമല്ല. പാലം പഴയ രീതിയിലാക്കുന്നത് എളുപ്പമാകില്ല. പദ്ധതി ചിലവേറിയതും സമയമെടുക്കുന്നതുമാണ്. അതേസമയം, ഇക്കാര്യത്തിനായി തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
പാലം അപകടത്തെ തുടര്‍ന്ന് നദിയില്‍വീണ ആറു പേര് മരിച്ചതായാണ് നിഗമനം. ഇവര്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് അവസാനിപ്പിക്കുകയും ചെയ്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് (ഇന്ത്യന്‍ സമയം പകല്‍ 11) ഫ്രാന്‍സിസ് സ്കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകര്‍ന്നത്. ശ്രീലങ്കയിലേക്കു ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. കാണാതായ എട്ടുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി.കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നും അവര്‍ സുരക്ഷിതരാണെന്നും നടത്തിപ്പുകാരായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് അറിയിച്ചു.
Discussion about this post