സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. ജൂലൈ 31 അര്‍ധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം.
ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ മെയ് 22ന് ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം 52 ദിവസമായിരിക്കുമെന്ന് തീരുമാനിച്ചത്. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പൊലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് അന്ന് തീരുമാനമെടുത്തത്. ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കിയിരുന്നു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങള്‍ കൈക്കൊള്ളണമെന്ന് നിര്‍ദേശിച്ചിരുന്നു. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Discussion about this post