സി.പി.എം. തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ആദായനികുതി വകുപ്പ്. വെള്ളിയാഴ്ച നടന്ന റെയ്ഡിന് പിന്നാലെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്.
സി.പി.എം. തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യയില്‍ വെള്ളിയാഴ്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ ബാങ്കിലെ ഒരു അക്കൗണ്ടില്‍ പാര്‍ട്ടി വെളിപ്പെടുത്താത്ത 3.8 കോടി രൂപ ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന് കിട്ടിയ വിവരം. ആദായനികുതി വകുപ്പിന്റെ തൃശൂര്‍ യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12ന് ആരംഭിച്ച പരിശോധന രാത്രിവരെ തുടര്‍ന്നു. പരിശോധനാ സമയത്ത് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ പുറത്തുപോകാന്‍ ആനുവദിച്ചിരുന്നില്ല.
സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറിയെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായിട്ടായിരുന്നു റെയ്ഡ്. എറണാകുളത്ത് ഇ.ഡി.യുടെ മൊഴിയെടുപ്പിന് ശേഷമായിരുന്നു ആദായനികുതി ഉദ്യോഗസ്ഥര്‍ സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസില്‍നിന്ന് മൊഴി ശേഖരിച്ച് തുടങ്ങിയത്. ഈ അക്കൗണ്ട് വിവരങ്ങള്‍ ആദായനികുതി റിട്ടേണില്‍ ഉള്‍പ്പെടാതിരുന്നതിനെക്കുറിച്ച് എം.എം. വര്‍ഗീസിന്റെ മറുപടി തൃപ്തികരമല്ലെന്ന നിലയിലാണ് സംഘം ഇന്നലെ മടങ്ങിയത്.
Discussion about this post