കുളത്തില്‍ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ചു യുവാവു മരിച്ചതിനു പിന്നാലെ ഇതേ കുളത്തില്‍ ഇറങ്ങിയവരില്‍ നാലു പേര്‍ക്കു കൂടി കടുത്ത പനി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാള്‍ക്കു മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതിയന്നൂര്‍ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍കുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്. ആരോഗ്യവകുപ്പ് നിര്‍ദേശത്തെത്തുടര്‍ന്നു കുളത്തില്‍ ഇറങ്ങുന്നതു കര്‍ശനമായി വിലക്കി. ഇതു സംബന്ധിച്ചു നോട്ടിസ് ബോര്‍ഡും സ്ഥാപിച്ചു. ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു.
പ്ലാവറത്തലയില്‍ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗര്‍ ധനുഷ് (26) എന്നിവരാണു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ അനീഷിനാണു മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവര്‍ക്കും സമാന ലക്ഷണങ്ങളുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കണ്ണറവിള പൂതംകോട് അനുലാല്‍ ഭവനില്‍ അഖില്‍ (അപ്പു-27) കഴിഞ്ഞ 23ന് ആണു മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുന്‍പാണ് അഖിലിനു പനി ബാധിച്ചത്.
Discussion about this post