പത്തനംതിട്ട പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമൺ നോർത്ത് ജി.എച്ച്.എസ്.എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ, (36), ചാരുമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് മരിച്ചത്. സ്വകാര്യ ബസ് ഡ്രൈവറായ ഹാഷിമും അനുജയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നു.
സ്കൂളിലെ അധ്യാപകരുമായി തിരുവനന്തപുരത്തേക്ക് വിനോദയാത്ര പോയി മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നത്. ഇവർ പോയ കാർ അമിത വേഗതയില്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.
തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്.
Discussion about this post