കേരളത്തിന്റെ കടമെടുപ്പില്‍ കേന്ദ്രത്തിന് വിട്ടുവീഴ്ചയില്ല; സുപ്രീം കോടതി വിശദവാദം കേള്‍ക്കും
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ തുക കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് വിട്ടുവീഴ്ചയില്ലാതെ കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് നിബന്ധനകളോടെ 5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കേന്ദ്രം. തുക തികയില്ലെന്നും ചുരുങ്ങിയത് 10,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നുമാണ് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. വിഷയത്തില്‍ സുപ്രീം കോടതി വിശദമായ വാദംകേള്‍ക്കും. അടുത്ത വ്യാഴാഴ്ച സര്‍ക്കാരുകളുടെ വാദം കേട്ടതിന് ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി അറിയിച്ചു.
അവകാശപ്പെട്ട കേന്ദ്രഫണ്ടുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടാണെന്ന വാദമാണ് കേന്ദ്രം സുപ്രീംകോടതിക്കു മുന്നില്‍ വച്ചത്. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കേണ്ടി വരുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഈ നിലപാട് തള്ളിയ സംസ്ഥാന സര്‍ക്കാര്‍ 19,000 കോടി രൂപ കടമെടുക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു
Discussion about this post