ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി തെലുഗുദേശം പാര്‍ട്ടി(ടി.ഡി.പി.) അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു അധികാരമേറ്റു. രാവിലെ ഗന്നാവരം കെസറാപ്പള്ളി ഐ.ടി. പാര്‍ക്കില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ എസ്. അബ്ദുള്‍ നസീര്‍ സത്യവാചകം ചൊല്ലികൊടുത്തു.
ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 24 അംഗ മന്ത്രിസഭയാണ് ബുധനാഴ്ച അധികാരത്തിലേറിയത്. ജനസേന പാര്‍ട്ടി അധ്യക്ഷനും നടനുമായ പവന്‍ കല്യാണ്‍ സംസ്ഥാന ഉപമുഖ്യമന്ത്രിയായും അധികാരമേറ്റു. ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നര ലോകേഷ്, കിഞ്ചാരപ്പു അഛ്‌നായിഡു, നഡേദ്‌ല മനോഹര്‍, പൊന്‍ഗുരു നാരായണ തുടങ്ങിയവരും കാബിനറ്റ് പദവിയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെ.പി. നഡ്ഡ, രാംദാസ് അത്താവലെ, അനുപ്രിയ പട്ടേല്‍, ചിരാഗ് പാസ്വാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ തുടങ്ങിയവര്‍ ചടങ്ങിനെത്തി.
ടി.ഡി.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ. മുന്നണി 175ല്‍ 164 സീറ്റുകള്‍ നേടിയാണ് ഇത്തവണ അധികാരത്തിലെത്തിയത്. ഇത് നാലാംതവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.
Discussion about this post