രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്കു നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗം വന്‍ വിവാദമായി. ഇതേതുടര്‍ന്ന് പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, സി.പി.എം തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും അടിയന്തര നടപടിവേണമെന്നുമാണ് ആവശ്യം. നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പ് റാലികളില്‍ നിന്നടക്കം വിലക്കണമെന്നാണ് പരാതിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.
‘അവര്‍ നിങ്ങളുടെ സ്വത്ത് മുസ്ലിംകള്‍ക്കു നല്‍കും. അവരുടെ പ്രകടനപത്രികയില്‍ അങ്ങനെയാണു പറയുന്നത്. അമ്മമാരേ, സഹോദരിമാരേ നിങ്ങളുടെ കെട്ടുതാലിവരെ അവര്‍ അങ്ങനെ വിതരണം ചെയ്യും. നിങ്ങളുടെ സ്വത്ത് കൂടുതല്‍ മക്കളുള്ള ആ നുഴഞ്ഞുകയറ്റക്കാര്‍ക്കു കൊടുക്കണമെന്നാണോ?”- ഇതാണ് രാജസ്ഥാനില്‍ മോദി നടത്തിയ പ്രസംഗത്തിന്റെ വിവാദ ഭാഗം.
ഇതിനെതിരേയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ ശക്തമായി രംഗത്തുവന്നിരിക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി നേരിട്ടെന്നു മനസിലായതോടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പു ലക്ഷ്യമാക്കി മോദി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു. ഹിന്ദു- മുസ്ലിം പരാമര്‍ശം പ്രകടനപത്രികയില്‍ കാണിച്ചു തരാന്‍ മോദിയെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു. ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയുള്ള നിരാശ മൂലം നരേന്ദ്ര മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴുന്നുവെന്ന് രാഹുല്‍ ഗാന്ധിയും കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടേത് വര്‍ഗീയവാദികളുടെ ഭാഷയാണെന്നു ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നെന്നും സി.പി.എം. കുറ്റപ്പെടുത്തി. ഏകാധിപതി നിരാശയിലെന്നും എക്സിലെ പോസ്റ്റില്‍ സി.പി.എം. കുറിച്ചു.
Discussion about this post