മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ലോക്സഭാ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. അക്ഷയ് കാന്തി ബാം ആണ് തിങ്കളാഴ്ച രാവിലെ ബി.ജെ.പി. നേതാക്കള്‍ക്കൊപ്പമെത്തി നാമനിര്‍ദേശപത്രിക പിന്‍വലിച്ചത്. പിന്നാലെ സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി. നേതാവും മന്ത്രിയുമായ കൈലാഷ് വിജയവര്‍ഗിയ അക്ഷയ് ബാമിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തു.
പത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്നായിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിതമായ കൂടുമാറ്റം. കോണ്‍ഗ്രസിന്റെ മൂന്ന് ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളുകയും പ്രധാന സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ സ്ഥിതി ബി.ജെ.പിക്ക് അനുകൂലമായി.
തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടമായ മെയ് 13നാണ് ഇന്‍ഡോറിലും വോട്ടെടുപ്പ്. സിറ്റിങ് എം.പിയായ ശങ്കര്‍ ലാല്‍വാനിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി.
ഗുജറാത്തിലെ സൂറത്തിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും ബി.ജെ.പി. സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ബി.ജെ.പിക്ക് എതിരില്ലാത്ത ജയമൊരുക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയില്‍ വ്യാജ ഒപ്പുകള്‍ ഇടുകയും തുടര്‍ന്ന് സൂക്ഷ്മപരിശോധനയില്‍ പത്രിക തള്ളുകയും ചെയ്തതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നിലേഷ് കുംഭാനി തൊട്ടടുത്ത ദിവസം തന്നെ ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. അതിനിടെയാണ് ഇന്‍ഡോറില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്.
Discussion about this post