വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈയില്‍ ബെയ്‌ലി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 85 ശതമാനം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. അതുവഴി, കൂടുതല്‍ ജെ.സി.ബിയും ഹിറ്റാച്ചിയും അടക്കമുള്ള വാഹനങ്ങള്‍ മുണ്ടക്കൈയിലേക്ക് എത്താന്‍ സാധിക്കും. രാത്രി വൈകിയും നിര്‍മാണവുമായി സൈന്യം മുന്നോട്ട് പോയതിനാലാണ് പാലം നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാനാകുന്നത്. യുദ്ധകാലടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
ബെയ്‌ലി പാലം നിര്‍മിക്കാന്‍ ആവശ്യമായ സാമഗ്രികളും ഉപകരണങ്ങളുമായി ഡല്‍ഹിയില്‍നിന്നുള്ള വ്യോമസേനാ വിമാനം ബുധനാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതിനാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല. ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ ഉരുക്ക് ഗര്‍ഡറുകളും പാനലുകളുമാണ് ബെയ്‌ലി പാലം നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പ്രത്യേക ഉപകരണങ്ങള്‍ വേണ്ട എന്ന പ്രത്യേകതയുമുണ്ട്.
ഇരുകരകളിലും തയാറാക്കുന്ന പ്ലാറ്റ്‌ഫോമില്‍ ബെയ്‌ലി പാനലുകള്‍ കൂട്ടിയോജിപ്പിച്ച് അതില്‍ ഉരുക്ക് ഗര്‍ഡറുകള്‍ കുറുകെ നിരത്തിയാണ് നിര്‍മാണം.ഉരുക്കുപാനലുകളെ പരസ്പരം ബന്ധിപ്പിക്കുകയും വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയുംവിധം ട്രാക്ക് തയാറാക്കുകയും ചെയ്യും. അതോടൊപ്പം ഇരുമ്പുതൂണുകള്‍ ഉപയോഗിച്ച് പാലം ബലപ്പെടുത്തും. അതിലൂടെ വാഹനങ്ങള്‍ക്കുപോകാന്‍ കഴിയും.
പാലം പൂര്‍ത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനാകുമെന്ന് റവന്യു മന്ത്രി കെ. രാജന്‍. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ കൂടെ ദുരന്തസ്ഥലത്തേക്കെത്തിച്ച് സ്ഥലങ്ങള്‍ സ്‌പോട്ട് ചെയ്യും. നൂറിലധികം ആംബുലന്‍സുകള്‍ സ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്.
Discussion about this post