ലോക്സഭാ തിരഞ്ഞെടുപ്പില്‍ കള്ളപ്പണമിടപാട് തടയാന്‍ കര്‍ശന നിരീക്ഷണവുമായി ആദായനികുതി വകുപ്പ്. കേരളത്തിലുടനീളം നൂറ്റമ്പതിലേറെ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ഇന്‍കംടാക്സ് ഡയറക്ടര്‍ ജനറല്‍ ദേബ്ജ്യോതിദാസ് പറഞ്ഞു. കൊച്ചിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. ജില്ലാതലത്തില്‍ ഇന്റലിജന്‍സ് ടീമിന് രൂപംനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും അതിര്‍ത്തിജില്ലകള്‍ കേന്ദ്രീകരിച്ചും നിരീക്ഷണം ശക്തമാക്കും. പൊതുജനങ്ങള്‍ക്ക് പണം കൈവശംവയ്ക്കാന്‍ പരിധിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഉറവിടം വ്യക്തമാക്കേണ്ടിവരും. സംശയകരമായ ബാങ്ക് ഇടപാടുകളും പരിശോധിക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ഉള്‍പ്പെടെ പരാതികളും ക്രമക്കേടുകളും ജനങ്ങള്‍ക്ക് സിവിജില്‍ ആപ് വഴി അറിയിക്കാം. പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറിലോ സി വിജില്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ് ലഭിക്കും. പരാതി കിട്ടി 100 മിനിറ്റിനുള്ളില്‍ നടപടിയെടുത്ത് മറുപടി നല്കുന്ന രീതിയിലാണ് ക്രമീകരണം. പെരുമാറ്റച്ചട്ട ലംഘനമോ ചെലവുസംബന്ധമായ ചട്ടലംഘനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ് വഴി ചിത്രം അല്ലെങ്കില്‍ വീഡിയോയെടുത്ത് അപ്ലോഡ് ചെയ്ത് പരാതി രജിസ്റ്റര്‍ ചെയ്യാം. ജില്ലാ കണ്ട്രോള് റൂമിലാണ് പരാതി ലഭിക്കുക. ആപ് ഉപയോഗിച്ച് എടുക്കുന്ന തത്സമയചിത്രങ്ങള്‍ മാത്രമേ അയക്കാനാകൂ. അപ്ലോഡ് ചെയ്യാനുള്ള സമയം അഞ്ചു മിനിറ്റ് മാത്രമാണ്. ഏത് സ്ഥലത്തുനിന്നാണ് ഫോട്ടോയും വീഡിയോയും എടുക്കുന്നതെന്ന് ആപ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതിനാല് ഈ ഡിജിറ്റല്‍ തെളിവ് ഉപയോഗിച്ച് സ്ക്വാഡിന് സമയബന്ധിതമായി നടപടി എടുക്കാം. ഫോണ്‍ നമ്പര്‍, ഒടിപി, വ്യക്തിവിവരങ്ങള്‍ എന്നിവ നല്കി പരാതി നല്കിയാല് തുടര്‍നടപടി അറിയാന്‍ സവിശേഷ ഐഡി ലഭിക്കും. ആരെന്ന് വെളിപ്പെടുത്താതെ പരാതി നല്‍കാനുള്ള സംവിധാനവുമുണ്ട്. എന്നാല്‍, ഇങ്ങനെ പരാതി നല്‍കുന്നയാള്‍ക്ക് തുടര്‍വിവരങ്ങള്‍ ആപ് വഴി ലഭിക്കില്ല.ജില്ലാ കണ്ട്രോള് റൂമില്‍നിന്ന് പരാതി ഫീല്‍ഡ് യൂണിറ്റിന് കൈമാറും. ഫീല്‍ഡ് യൂണിറ്റില്‍ ഫ്ലൈയിങ് സ്ക്വാഡുകള്‍, സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീമുകള്‍ എന്നിവയുണ്ടാകും. ഫീല്‍ഡ് യൂണിറ്റിന് പരാതിയുടെ ഉറവിടം ട്രാക്ക് ചെയ്ത് സ്ഥലത്തെത്താനാകും. നടപടിയെടുത്തശേഷം തുടര്തീരുമാനത്തിനായി ഇന്‍വെസ്റ്റിഗേറ്റര്‍ ആപ് വഴി റിപ്പോര്‍ട്ട് നല്‍കും. ജില്ലാതലത്തില്‍ തീര്‍പ്പാക്കാനാകാത്ത പരാതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ദേശീയ ഗ്രീവന്‍സ് പോര്‍ട്ടലിലേക്ക് അയക്കും.
Discussion about this post