മദ്യനയം മാറ്റുന്നതിനു പണം പിരിക്കാന്‍ ബാര്‍ അസോസിയേഷന് നേതാവ് നിര്‍ദേശിക്കുന്ന വാട്സാപ് സന്ദേശത്തിന്റെ പേരില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. അസോസിയേഷന്റെ ആസ്ഥാന മന്ദിരം നിര്‍മിക്കാനുള്ള പണം കണ്ടെത്താനാണ് ശബ്ദസന്ദേശം അയച്ചതെന്നാണ് ബാര്‍ അസോസിയേഷന് നേതാവായ അനിമോന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. സര്‍ക്കാരിന് പണം നല്‍കണമെന്ന കാര്യം ശബ്ദ സന്ദേശത്തില്‍ പറയുന്നില്ലെന്നും അനിമോന്റെ മൊഴിയിലുണ്ട്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുതിയ മദ്യനയം വരുമെന്നും ഒന്നാം തീയതിയിലെ ഡ്രൈ ഡേ എടുത്തു കളയുമെന്നുമാണ് അനിമോന്റെ ശബ്ദ സന്ദേശത്തിലുള്ളത്. ഇതൊക്കെ ചെയ്തു തരണമെന്നുണ്ടെങ്കില്‍ കൊടുക്കേണ്ടത് കൊടുക്കണമെന്നും 2.5 ലക്ഷം രൂപ വീതം കൊടുക്കാന്‍ പറ്റുന്നവര്‍ അക്കാര്യം ഗ്രൂപ്പില്‍ അറിയിക്കണമെന്നുമാണ് അനിമോന്റെ ശബ്ദ സന്ദേശത്തിലുള്ളത്.
പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവന്നതോടെ എക്സൈസ് മന്ത്രി എം.ബി.രാജേഷ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തു നല്‍കുകയായിരുന്നു. ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. എസ്പി മധുസൂദനനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.
മദ്യനയം മാറ്റാന്‍ പണം പിരിച്ചില്ലെന്ന് ഇടുക്കിയിലെ മറ്റ് ബാറുടമകളും മൊഴി നല്കി. ഇതോടെ, അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുമെന്ന് ഉറപ്പായി. പണം പിരിച്ചതിനു തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയേക്കും. അനിമോന് ശബ്ദ സന്ദേശം അയച്ച സാഹചര്യവും ഇതു പ്രചരിപ്പിച്ചതാരെന്നും പരിശോധിക്കുന്നുണ്ട്.
Discussion about this post