ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറിന്റെ തിരിച്ചുവരവ് നീട്ടിവച്ച് നാസ. ഇന്ത്യൻ വംശജ സുനിത വില്യംസ് അടക്കമുള്ള ബഹിരാകാശ യാത്രികർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് (ഐ.എസ്.എസ്. ‘) ഭൂമിയിലേക്കു തിരികെ വരാനുള്ള തീയതി ജൂൺ 22 ആയി പുതുക്കി. നേരത്തേ ജൂൺ 18ന് തിരിച്ചുവരാനാണു ലക്ഷ്യമിട്ടിരുന്നത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ അപകടകാരിയായ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന റിപ്പോർട്ടിനു പിന്നാലെയാണു ദൗത്യം നീട്ടിവച്ചത്. സുനിതാ വില്യംസിനും സഹയാത്രികൻ ബാരി യൂജിൻ ബുഷ് വിൽമോറിനും ബഹിരാകാശ നിലയത്തിൽ നാല് ദിവസം കൂടുതലായി ചെലവിടേണ്ടിവരും.
ബഹിരാകാശ പേടകം പുറപ്പെടുന്നതിനു മുൻപു നാസ ഉദ്യോഗസ്ഥർ തെക്കുപടിഞ്ഞാറൻ യു.എസിലെ ലാൻഡിങ് സ്ഥലങ്ങളുടെ കാലാവസ്ഥാ സ്ഥിതിഗതികൾ വിലയിരുത്തും.
സുനിത വില്യംസും വിൽമോറും ജൂൺ ആറിനാണു പുതിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലുള്ള മറ്റ് ഏഴ് പേർ ദീർഘകാലമായി അവിടെയുള്ളവരാണ്. ബാക്ടീരിയയെ കണ്ടെത്തിയതോടെ കൂടുതൽ നിരീക്ഷണത്തിനു ശേഷമേ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങിയെത്താനാവൂ. അതിനാലാണു യാത്ര വൈകുന്നതെന്നാണു സൂചന. സാങ്കേതിക തകരാറുകൾ കാരണം നിരവധി തവണ സ്റ്റാർലൈനറിന്റെ യാത്ര മുടങ്ങിയിരുന്നു.
Discussion about this post