വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ നാലാം ദിവസത്തിലേക്ക്. ബെയ്ലി പാലത്തിന്റെ നിര്‍മാണം സൈന്യം പൂര്‍ത്തിയാക്കി തുറന്നതോടെ തരിച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരും. ചൂരല്‍മലയില്‍ 190 അടി നീളമുള്ള ബെയ്ലി പാലത്തിന്റെ നിര്‍മാണം ഇന്നലെ വൈകിട്ടോടെയാണ് കരസേനയുടെ മദ്രാസ് റെജിമെന്റിലുള്ള എന്‍ജിനീയറിങ് വിഭാഗം പൂര്‍ത്തിയാക്കിയത്.
206 പേരെ ഉരുള്‍പൊട്ടലില്‍ കാണാതായി എന്നാണ് ഔദ്യോഗിക കണക്ക്. ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചുള്ള തിരച്ചില്‍ ഊര്‍ജിതമാക്കും. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ അകത്തുള്ള എട്ട് പൊലീസ് സ്റ്റേഷന് പരിധിയിലാകും ഇന്നത്തെ തിരച്ചില്‍. സേനാംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രക്ഷാദൗത്യത്തില്‍ മുന്‍പരിചയമുള്ള ആളുകള്‍, പ്രദേശത്തെക്കുറിച്ച് അറിയുന്നവര്‍ തുടങ്ങിയ ആളുകള്‍ സംയുക്തമായാകും ഇന്ന് തിരച്ചില്‍ തുടരുന്നത്.
മുണ്ടകൈയില്‍ നാളെ ആറ് സോണുകളായി തിരിച്ച് രക്ഷാദൗത്യം തുടരും. അട്ടമല, മുണ്ടക്കൈ, പുഞ്ചിരി മറ്റം, വില്ലേജ് റോഡ്, സ്കൂള്‍ ഏരിയ, ഡൗണ്‍ സ്ട്രീം എന്നീ ആറ് സോണുകളായി തിരിച്ചില്‍ നടക്കും. ആറ് മേഖലകളിലെ രക്ഷാദൗത്യത്തിനായി നാല്പതോളം സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
279 പേര് മരിച്ചതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. കണ്ടെടുത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. 179 മൃതദേഹങ്ങളും 100 ശരീരഭാഗങ്ങളും ഉള്‍പ്പെടെ വ്യാഴാഴ്ച പകല്‍ 1.30 വരെ 279 പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി. വ്യാഴാഴ്ച മാത്രം 23 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആകെ 299 പേര് മരിച്ചതായാണ് അനൗദ്യോഗിക വിവരം. ശരീരഭാഗങ്ങളുടെ ഡി.എന്‍.എ. സാമ്പിള്‍ ശേഖരിക്കുന്നുണ്ട്. തിരിച്ചറിഞ്ഞ 105 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Discussion about this post