വയനാട്ടിലെ മുണ്ടക്കൈ , ചൂരൽമല ദുരിതബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി. മേഖലയിലെ പഴയകാല ചിത്രവുമായി താരതമ്യം ചെയ്താവും തിരച്ചിൽ. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കി പരിശോധന ശക്തമാക്കും.
പുഞ്ചിരി മട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് പരിസരം, സ്കൂൾ റോഡ് എന്നിവിടങ്ങളിലായി 31 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചും പരിശോധന നടത്തി. അപകടത്തിൽ കാണാതായവരെ കണ്ടെത്തുന്നതിന് ഫോട്ടോഗ്രഫി ഫോൾഡറും കാണാതായവരുടെ കേസ് രജിസ്റ്റർ ചെയ്ത കുടുംബങ്ങളെയും പരിശോധിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സമിതി അറിയിച്ചു.
ക്യാമ്പുകളിലെ ശുചിത്വം ഉറപ്പാക്കും. ആവശ്യമില്ലാതെ ദുരന്തഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം ടൂറിസം യാത്രകൾ നിരുത്സാഹപ്പെടുത്തും. കുടുംബാംഗങ്ങൾ നഷ്ടമായവർ ഉൾപ്പെടെയാണ് തിരച്ചിലിനിറങ്ങുന്നത്. അവരുടെ വൈകാരികത മനസ്സിലാക്കണം. രക്ഷാപ്രവർത്തനം നടത്തുന്ന സ്ഥലത്ത് ഭക്ഷണം നൽകുന്നതിന് ആളുകൾ പോകരുത്. ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു.
Discussion about this post