വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച സാലറി ചലഞ്ചിന് അനുകൂലമായി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന് സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നല്‍കാനുള്ള സൗകര്യം വേണമെന്നും നിര്‍ബന്ധിതമാക്കരുതെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഇത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. ദുരിതബാധിതരെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാനേതാക്കളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയായിരുന്നു. മാസം ഒരു ദിവസത്തെ ശമ്പളമെന്ന നിലയ്ക്ക് അഞ്ച് തവണകളായി നല്കാന് താല്പര്യപ്പെടുന്നവര്ക്ക് അതിനുള്ള അവസരം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. ഒറ്റതവണയായി നല്കാന് ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ നല്‍കാം. അഞ്ചിലേറെ ദിവസത്തെ ശമ്പളം നല്കാന് താല്പര്യപ്പെടുന്നവരുണ്ടെങ്കില്‍ അതുമാകാമെന്നും സംഘടനകള്‍ പറഞ്ഞു.
റീ ബില്‍ഡ് വയനാടിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ച് എന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാനാണ് നിലവിലെ ധാരണ. സര്‍വീസ് സംഘടനകളുടെ യോഗത്തില്‍ മുഖ്യമന്ത്രിയാണ് ശമ്പളത്തില്‍ നിന്നുള്ള വിഹിതം ആവശ്യപ്പെട്ടത്. ആയിരം കോടിയെങ്കിലും പുനരധിവാസത്തിനാായി വേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചത്. പത്ത് ദിവസത്തെ ശമ്പളം നല്‍കേണ്ടിവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സംഘടനാ പ്രതിനിധികളാണ് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന ധാരണയിലെത്തിയത്. സര്‍ക്കാര്‍ ഉടന്‍ സാലറി ചലഞ്ചില്‍ ഉത്തരവിറക്കും.
Discussion about this post