ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഉജ്വല ജയത്തിനു പിന്നാലെ വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറയാനെത്തിയ രാഹുല്‍ ഗാന്ധി അവിടെ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും വിമര്‍ശിച്ചുമുള്ള പ്രസംഗം. വലിയൊരു ധര്‍മ്മ സങ്കടത്തിലാണെന്നും വയനാട് തുടരണോ റായ് ബറേലി തുടരണോയെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് പറഞ്ഞു.
ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. അന്വേഷണ ഏജന്‍സികള്‍ കൈയിലുള്ളത് എന്തും ചെയ്യാനുള്ള അധികാരമായി ചിലര്‍ കണ്ടു. രാജ്യത്തെ ജനങ്ങള്‍ അവര്‍ക്ക് കാര്യം മനസിലാക്കി കൊടുത്തു. ഭരണഘടന ഞങ്ങളുടെ അഭിമാനമാണ്. അതില്‍ തൊട്ടു കളിക്കരുതെന്ന് രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രിയെ ഓര്‍മ്മപ്പെടുത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബി.ജെ.പി. അയോധ്യയില്‍ തോറ്റു. പ്രധാനമന്ത്രിക്ക് എല്ലാം ദൈവം ചെയ്തു കൊടുക്കും. എനിക്ക് ഞാന്‍ തന്നെ ചെയ്യണം. വിചിത്രമായ പരമാത്മാവ് ആണ് മോദിയെ നിയന്ത്രിക്കുന്നത്. അദാനിക്ക് വിമാനത്താവളങ്ങള്‍ കൊടുക്കാന്‍ പരമാത്മാവ് പറയുന്നു. പ്രധാനമന്ത്രി കൊടുക്കുന്നു’ രാഹുല്‍ ഗാന്ധി പറഞ്ഞു. എന്റെ ദൈവം രാജ്യത്തെ പാവങ്ങളായ ജനങ്ങളാണ്. എന്റെ ദൈവം വയനാടിലെ ജനങ്ങളാണ്. എത് മണ്ഡലം ഒഴിയണമെന്ന് നിങ്ങള്‍ പറയൂ. ഏത് മണ്ഡലം ഒഴിഞ്ഞാലും സ്വീകരിച്ചാലും ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും പറഞ്ഞ രാഹുല്‍ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയുകയും ചെയ്തു.
വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണൊരുക്കിയത്. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി പതിനൊന്നു മണിയോടെയാണ് എടവണ്ണയിലെത്തിയത്. ആദ്യം റോഡ് ഷോയും പിന്നാലെ പൊതുയോഗവും നടന്നു.
Discussion about this post