ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. എം.എസ്. വല്യത്താന്(90) അന്തരിച്ചു. ബുധനാഴ്ച രാത്രി മണിപ്പാലില്‍ വച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ സ്ഥാപക ഡയറക്ടറും മണിപ്പാല്‍ യൂണിവേഴ്സിയുടെ ആദ്യ വി.സിയുമായിരുന്നു.
ശ്രീചിത്ര ഡയറക്ടറായി സ്ഥാനമേറ്റതിനു പിന്നാലെ കൃത്രിമ വാല്‍വുകളുടെ നിര്‍മാണ പ്രക്രിയയില്‍ ഡോ. വല്യത്താന് വഹിച്ച പങ്ക് വളരെവലുതാണ്. ഇരുപതുവര്‍ഷത്തെ ശ്രീചിത്രയിലെ സേവനത്തിനുശേഷം മണിപ്പാല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു. 1999 വരെ ഈ പദവിയില്‍ തുടര്‍ന്നിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയ ശേഷമാണ് ഡോ. എം.എസ്. വല്യത്താന് ആതുരസേവനരംഗത്തേക്ക് കടന്നത്. ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ നിന്ന് ശസ്ത്രക്രിയയില്‍ ബിരുദാനന്തര ബിരുദം നേടി. ജോണ്‍സ് ഹോപ്കിന്‍സ്, ജോര്‍ജ് വാഷിങ്ടണ്‍, ജോര്ജ്ടൗണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് ഹൃദയ ശസ്ത്രക്രിയയില്‍ കൂടുതല്‍ പരിശീലനം നേടിയ ശേഷം 1972ല്‍ ഇന്ത്യയില്‍ തിരികെയെത്തി. ഇന്ത്യയിലെ ആരോഗ്യമേഖലയ്ക്ക് നല്കിയ സംഭാവന പരിഗണിച്ച് 2005ല്‍ രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷണ്‍ നല്കി ആദരിച്ചു.
1972ല്‍ അമേരിക്കയില്‍നിന്ന് എത്തിയ ഡോ. വലിയത്താന് മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് കെട്ടിപ്പടുത്തതാണ് ഇന്ന് രാജ്യത്തിനാകെത്തന്നെ അഭിമാനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ആരോഗ്യശാസ്ത്ര ഗവേഷണ രംഗത്ത് ലോകനിലവാരമുള്ള ഇന്ത്യയിലെ ചുരുക്കം സ്ഥാപനങ്ങളിലൊന്ന്.
Discussion about this post