സംസ്ഥാനത്ത് കനത്ത മഴ. തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ എറണാകുളം, തൃശൂര്‍, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 7 ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും സാധ്യത പ്രവചിക്കുന്നു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലാണ് യെലോ അലര്‍ട്ട്. മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് നിര്‍ദേശമുണ്ട്. വടക്കന്‍ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴി തെക്കന്‍ തീരത്തേക്കു മാറിയതും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും ശക്തിയായ കാറ്റുമാണ് മഴയിലെ മാറ്റത്തിനു കാരണം. ന്യൂനമര്‍ദം രണ്ട് ദിവസത്തിനകം തീവ്രമാകും
Discussion about this post