വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി എയർഫോഴ്സിന്റെ ഹെലികോപ്റ്ററുകൾ ഉടൻ എത്തുമെന്ന് മന്ത്രി കെ രാജൻ. ഹെലികോപ്റ്റർ കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടു. ഹെലികോപ്റ്റർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പുറപ്പെടാൻ വൈകിയിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ കൽപ്പറ്റയിലെത്തുമെന്നും മന്ത്രി അറിയിച്ചു.
എൻഡിആർഎഫിൻ്റെ ഒരു സംഘം പ്രദേശത്തേക്ക് കടന്നു തുടങ്ങിയിട്ടുണ്ട്. വടങ്ങൾ ഉപയോഗിച്ച് കൃത്രിമമായ പാലമുണ്ടാക്കി പ്രദേശത്തേക്ക് പോകാനാണ് ശ്രമിക്കുന്നത്. കൊല്ലത്തുനിന്നുള്ള എൻഡിആർഎഫ് ടീം എറണാകുളത്തെത്തിയിട്ടുണ്ട്. ആർക്കോണത്തുനിന്നും ബാംഗ്ലൂർ നിന്നും 2 ടീമുകൾ കൂടി എത്തിച്ചേരും. തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിലും ചെറിയ തോതിൽ മഴക്കെടുതി അനുഭവപ്പെടുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
Discussion about this post