ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ശനിയാഴ്ച ബാര്‍ബഡോസിലാണ് ഫൈനല്‍ മത്സരം നടക്കുക. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്.
ഇംഗ്ലണ്ടിനെ 68 റണ്‍സിനാണ് സെമിഫൈനലില്‍ ഇന്ത്യ തകര്‍ത്തത്.
സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ്. ഇംഗ്ലണ്ട്– 16.4 ഓവറില്‍ 103ന് പുറത്ത്. 23 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഇന്ത്യന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. കുല്‍ദീപ് യാദവ് 3 വിക്കറ്റും ജസ്പ്രീത് ബുമ്ര 2 വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (39 പന്തില്‍ 57 റണ്‍സ്) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാര്‍ യാദവ് (36 പന്തില്‍ 47) മികച്ച പിന്തുണ നല്‍കി.
ഇടയ്ക്കിടെ പെയ്ത മഴയെ അതിജീവിച്ച് 171 റണ്‍സ് എന്ന മികച്ച സ്‌കോര്‍ നേടിയ ഇന്ത്യന്‍ ബാറ്റര്‍മാരെ പോലും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു ബൗളര്‍മാരുടേത്. 3 ഓവറില്‍ 26 റണ്‍സെടുത്ത് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും ഫില്‍ സോള്‍ട്ടും ഇംഗ്ലണ്ടിനു പ്രതീക്ഷയുണര്‍ത്തുന്ന തുടക്കം നല്‍കിയെങ്കിലും 4-ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ബട്‌ലറെ (23) വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കയ്യിലെത്തിച്ച് അക്ഷര്‍ പട്ടേല്‍ വിക്കറ്റ് കൊയ്ത്ത് തുടങ്ങി. അടുത്ത ഓവറില്‍ ഉജ്വലമായ ഓഫ് കട്ടറിലൂടെ ജസ്പ്രീത് ബുമ്ര സോള്‍ട്ടിന്റെ (5) സ്റ്റംപിളക്കി. ബൗളര്‍മാര്‍ പിന്നീട് തിമിര്‍ത്താടുകയായിരുന്നു.
ജോണി ബെയര്‍സ്റ്റോ (0), മൊയീന്‍ അലി (8) എന്നിവരെയും അക്ഷര്‍ മടക്കിയതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. കുല്‍ദീപ് യാദവിന്റെ ഊഴമായിരുന്നു പിന്നെ. സാം കറനെ (2) വിക്കറ്റിനു മുന്നില്‍ കുരുക്കിയ കുല്‍ദീപ് ഹാരി ബ്രൂക്കിനെ (25) ബോള്‍ഡാക്കി. 10.4 ഓവറില്‍ 6ന് 68 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല. ലിയാം ലിവിങ്സ്റ്റന്‍ (11), ആദില്‍ റഷീദ് (2) എന്നിവര്‍ റണ്ണൗട്ടായപ്പോള്‍ ക്രിസ് ജോര്‍ദാനെ വിക്കറ്റിനു മുന്നില്‍ കുരുക്കി കുല്‍ദീപും 3 വിക്കറ്റ് തികച്ചു. 2 സിക്‌സ് സഹിതം 15 പന്തില്‍ 21 റണ്‍സെടുത്ത ജോഫ്ര ആര്‍ച്ചറെ ബുമ്ര ക്ലീന്‍ ബോള്‍ഡാക്കിയതോടെ ഇന്ത്യ ഫൈനലിലേക്ക് കടക്കുകയായിരുന്നു.
Discussion about this post