കുവൈത്തിലെ അബ്ബാസിയയിലെ ഫ്ളാറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ആലപ്പുഴ തലവടി സ്വദേശികളായ നാലുപേരുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച നാട്ടിലെത്തിച്ചു. നീരേറ്റുപുറം മുളയ്ക്കല്‍ മാത്യൂസ് വി മുളയ്ക്കല്‍ (ജിജോ 42), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിന് (14), ഐസക് (9) എന്നിവരുടെ മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.
ഖത്തര്‍ സമയം ഞായര്‍ പകല്‍ 2.30ന് അബ്ബാസിയയിലെ സബാ ആശുപത്രിയില്‍ പൊതുദര്‍ശനത്തിനുശേഷം രാത്രി 10.30നുള്ള എമറേറ്റ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. കുവൈത്തിലുള്ള സഹോദരി ഷീജയുടെ ഭര്‍ത്താവ് മോന്‍സി വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു.
തിങ്കള്‍ രാവിലെ ഒമ്പതോടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.25 ന് രാവിലെ 5.30ന് വിലാപയാത്രയായി എത്തിക്കുന്ന മൃതദേഹങ്ങള്‍ ജിജോ പണി കഴിപ്പിച്ച വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 11.30ഓടെ കുടുംബ വീട്ടില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം 12.30ന് പള്ളിയില്‍ എത്തിച്ച് 1.15ന് സംസ്കാരം നടത്തും.
40 ദിവസത്തെ അവധിക്ക് ശേഷം തലവടിയിലെ വീട്ടില്‍നിന്ന് വെള്ളി വൈകിട്ട് അഞ്ചിനാണ് ഇവര്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിന് സമീപത്തെ ഫ്ലാറ്റില്‍ തിരിച്ചെത്തിയത്. രാത്രി 9.20 ഓടെ ഇവരുടെ ഫ്ളാറ്റിലെ എയര്‍ കണ്ടീഷണറില്‍ തീപടരുകയായിരുന്നു.
Discussion about this post