ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പൂര്‍ണമായും കത്തിനശിച്ച ഹെലികോപ്റ്ററില്‍ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് നേരത്തെ ഇറാന്‍ റെഡ് ക്രസന്റ് അധികൃതര്‍ അറിയിച്ചിരുന്നതിനു പിന്നാലെയാണ് മരണവാര്‍ത്തക്ക് സ്ഥിരീകരണവും ഉണ്ടായിരിക്കുന്നത്. ഇബ്രാഹിം റെയ്‌സിക്കൊപ്പം അപകടത്തില്‍പ്പെട്ട വിദേശകാര്യമന്ത്രി അമീര്‍ അബ്ദുല്ലാഹിയാനും മരിച്ചു.
കിഴക്കന്‍ അസര്‍ബൈജാനിലെ ജോഫയില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസര്‍ബൈജാന്‍ അതിര്‍ത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകള്‍ ഉദ്ഘാടനം ചെയ്തശേഷം വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു റെയ്‌സി. മൂന്നു ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
Discussion about this post